ഇനി പരാതികൾ മൊബൈൽ ആപ്പിലൂടെ പറയാം

ഉപഭോക്താക്കള്‍ക്ക് പരാതികള്‍ അറിയിക്കാന്‍ ഇനി മൊബൈല്‍ ആപ്പും. ലീഗല്‍ മെട്രോളജി വകുപ്പാണ് സുതാര്യം എന്നു പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്തിരിക്കുന്നത്. പരാതിക്കാരന്റെ പേരു വിവരങ്ങള്‍ വെളിപ്പെടുത്താതെ തന്നെ വിവരങ്ങള്‍ കൈമാറാം.

ഒാട്ടോക്കാരന്‍ അമിതകൂലി മേടിച്ചോ വാങ്ങിയ സ്വര്‍ണത്തിന്റെ അളവില്‍ ചെറിയൊരു സംശയമുണ്ടോ ആരോടു പറയും എന്നോര്‍ത്ത് ഇനി വിഷമിക്കേണ്ട. ലീഗല്‍ മെട്രോളജി വകുപ്പിന്റെ സുതാര്യമെന്ന ആപ്പ് ഉപയോഗിച്ച് പരാതിപ്പെടാം. മൊബൈലില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് വിവരങ്ങള്‍ നല്കിയാല്‍ മതി. പരാതിക്കാരന്റെ  മൊബൈലില്‍ റജിസ്റ്റര്‍ നമ്പര്‍ ലഭിക്കും. ഈ നമ്പറുപയോഗിച്ച്് എന്തു നടപടിയുണ്ടായി എന്നും അറിയാനാകും. ലോക ഉപഭോക്തൃ അവകാശ ദിനത്തോടനുബന്ധിച്ചാണ്  മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

പരാതിയോടൊപ്പം ചിത്രങ്ങളും വീഡിയോയും ചേർക്കാം. പരാതിക്കാരന്റെ വിവരങ്ങളൊന്നും വെളിപ്പെടുത്തുകയും വേണ്ട. 15    ദിവസത്തിനുള്ളില്‍ നടപടിയുണ്ടായില്ലെങ്കില്‍ എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന് വിശദീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍  ബാധ്യസ്ഥരാകും.