ഭൂമി ഇടപാട് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

എറണാകുളം അങ്കമാലി  അതിരൂപതാ ഭൂമി ഇടപാട് കേസില്‍ സര്‍ക്കാരിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം. കേസെടുക്കാന്‍ വൈകിയതില്‍ ന്യായീകരണമില്ലെന്നും തല്‍ക്കാലും കോടതിയലക്ഷ്യനടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.  കേസന്വേഷണം എങ്ങനെ മുന്നോട്ടുപോകുമെന്നും ഹൈക്കോടതി ആശങ്ക പ്രകടിപ്പിച്ചു.

എറണാകുളം അങ്കമാലി അതിരൂപത ഭൂമിഇടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കും മറ്റ് മൂന്നുേപര്‍ക്കുമെതിരെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിട്ട് ആറുദിവസത്തിന് ശേഷമാണ് പൊലീസ് കേസെടുത്തത്. കേസെടുക്കാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച ഹൈക്കോടതി ഇതിനു ന്യായീകരണമില്ലെന്ന്  വ്യക്തമാക്കി. ലളിത കുമാരി കേസ് അനുസരിച്ച് കോടതി അലക്ഷ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി പരാമര്‍ശിച്ചു. തല്‍ക്കാലം കോടതിയലക്ഷ്യനടപടിെയടുക്കുന്നില്ല. എന്തുകൊണ്ടാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വൈകിയത് എന്ന കോടതിയുടെ ചോദ്യത്തിന് ശനിയും ഞായറും ആയതിനാലാണെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മറുപടി നല്‍കി. 

അവധി ദിവസങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ പാടില്ലേ എന്ന് കോടതി ചോദിച്ചു. തുടര്‍ന്ന് ഇത് സര്‍ക്കാരിന്‍റെ മനോഭാവമാണെന്നും വിമര്‍ശനമുണ്ടായി. ഇങ്ങനെയാണങ്കില്‍ കേസ് എങ്ങനെ മുന്നോട്ടുപോകുമെന്നും ആശങ്ക പ്രകടിപ്പിച്ചു. കോടതി ഉത്തരവുണ്ടായ ശേഷം പൊലീസ് വീണ്ടും നിയമോപദേശം തേടിയതെന്തിനാണെന്ന് ഹൈകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. 

അതേസമയം ഭൂമി ഇടപാടില്‍ കർദിനാളിനെ പിന്തുണച്ച് മഹാരാഷ്ട്ര കല്യാൺരൂപതയും രംഗത്തെത്തി. ഇപ്പോഴത്തെ സംഭവങ്ങള്‍ നിർഭാഗ്യകരവും ആശങ്കാജനകവുമാണെന്നും ഐക്യം പുനസ്ഥാപിക്കണമെന്നും കർദിനാള്‍ മാർ ജോർജ് ആലഞ്ചേരിക്കുംവേണ്ടി എല്ലാഇടവകകളിലും ഒരുദിവസം പ്രത്യേകംപ്രാർഥിക്കണമെന്നും രൂപതാമെത്രാനായ ബിഷപ് മാർ തോമസ് ഇലവനാല്‍ സര്‍ക്കുലര്‍ പുറത്തിറക്കി.