സുരഭിയിൽ ചെയർമാനുൾപ്പടെ തുടരുന്നത് നിയമംലംഘിച്ച്, തുകവിനിമയത്തിലും ക്രമക്കേട്

കേരളാ സ്റ്റേറ്റ് ഹാന്‍റിക്രാഫ്റ്റ്സ് അപെക്സ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനുള്‍പ്പെടെ ഭരണസമിതിയിലെ ഭൂരിഭാഗം അംഗങ്ങളും പദവിയില്‍ തുടരുന്നത് നിയമംലംഘിച്ചെന്ന് ആക്ഷേപം. ഇവര്‍ അംഗങ്ങളായ പ്രാഥമിക സംഘങ്ങളുടെ അനുമതി റദ്ദായിട്ട് ഒരു വര്‍ഷത്തിലധികമായി. രേഖയില്‍ മാത്രമുള്ള സ്ഥാപനങ്ങളിലെ തൊഴില്‍ പരിശീലനത്തിനെന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നും പരാതിയുണ്ട്.  

നൂറ്റി ഇരുപതിലധികം ചെറുകിട കരകൗശല സഹകരണ സംഘങ്ങളുടെ അപ്പക്സ് ബോഡിയാണ് സുരഭി. നഷ്ടം കാരണം സംഘങ്ങളുടെ എണ്ണം നാല്‍പ്പത്തി ഏഴായി. ഇതില്‍ മൂന്നെണ്ണം മാത്രമാണ് മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്നത്. നിലവിലെ ചെയര്‍മാന്റേതുള്‍പ്പെടെ ഭരണസമിതിയിലെ പലരുടെയും സംഘത്തിനുള്ള പ്രവര്‍ത്തനാനുമതി നഷ്ടപ്പെട്ടിട്ട് കാലങ്ങളായെന്നാണ് ആക്ഷേപം. എന്നാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം നേടാന്‍ ഇതെല്ലാം പ്രവര്‍ത്തിക്കുന്നുവെന്ന് ഓരോ സമയത്തും രേഖയുണ്ടാക്കും. ഇതരസംസ്ഥാനങ്ങളിലെ വിലകുറഞ്ഞ സാധനങ്ങളാണ് പലരുടെയും സംഘങ്ങളില്‍ തനത് ഉല്‍പ്പന്നമെന്ന പേരില്‍ വിറ്റഴിക്കുന്നത്. 

ചെറുകിട സംഘങ്ങളിലെ തൊഴിലാളികളുടെ പരിശീലനത്തിനായി അനുവദിക്കുന്ന തുക വിനിയോഗിക്കുന്നതിലും ക്രമക്കേടുണ്ട്. നാല്‍പ്പത്തി അഞ്ച് ദിവസത്തെ പരിശീലനം മൂന്ന് ദിവസമായി ചുരുങ്ങും. സാക്ഷ്യപത്രം നല്‍കി ജീവനക്കാരെ മടക്കി അയയ്ക്കുന്നതോടെ ലക്ഷങ്ങള്‍ ചിലരുടെ മാത്രം കൈകളിലൊതുങ്ങും. അന്വേഷണം പ്രഖ്യാപിക്കുമ്പോള്‍ തന്നെ നടപടികള്‍ തടയാനുള്ള നീക്കങ്ങള്‍ ഭരണസമിതി തുടങ്ങുന്നത് പതിവെന്നാണ് ആക്ഷേപം.