ഡീസൽ വില കുതിച്ചുയരുന്നു; ആശങ്കയിൽ സാധാരണക്കാർ

കുതിച്ചുയരുന്ന ഡീസ‌ല്‍ വില കുടുംബ ബജറ്റും തകര്‍ക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാര്‍. ലോറി വാടകയടക്കം വര്‍ധിക്കുന്നതോടെ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിക്കുന്ന അരിയ്ക്കും പച്ചക്കറികള്‍ക്കുമെല്ലാം വില കൂടുമെന്ന് വ്യാപാരികള്‍ ഉറപ്പിക്കുന്നു. ഡീസല്‍ വില വര്‍ധനയുടെ പേരിലുള്ള ഇടനിലക്കാരുടെ ചൂഷണം കൂടിയാകുമ്പോള്‍ വരാന്‍ പോകുന്നത് വന്‍വിലക്കയറ്റത്തിന്റെ കാലമെന്നാണ് വിപണിയിലെ ഭയം. 

പത്തു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയയാണ് ഇപ്പോള്‍ അരിക്കും പച്ചക്കറിക്കുമെല്ലാം. വിലക്കയറ്റത്തെ പേടിക്കാതെ സമാധാനമായി കഴിഞ്ഞ് പോകുന്ന കാലം. എന്നാല്‍ ഡീസല്‍ വില വിപണിയെ വീണ്ടും പൊള്ളിക്കുമെന്നാണ് ആശങ്ക. 

തമിഴ്നാടിന് പുറമെ ആന്ധ്രാ, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് യഥേഷ്ടം പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളുമെത്തുന്നതാണ് ഇപ്പോള്‍ വിലകുറയാന്‍ കാരണം. ഡീസല്‍ വില കൂടുന്നതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ലോറി വാടക കുതിച്ചുയരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിന്റെ നഷ്ടം വ്യാപാരികളും ഇടനിലക്കാരും ഈടാക്കുന്നത് സാധനങ്ങള്‍ക്ക് വിലകൂട്ടിയാവുമെന്നതാണ് വിലക്കയറ്റ ഭീതിക്ക് കാരണം. 

വേനല്‍ രൂക്ഷമാകുന്ന മാര്‍ച്ച് മാസത്തോടെ അരിയ്ക്കും ധാന്യങ്ങള്‍ക്കും വിലകൂടുന്നത് പതിവാണ്. ഡീസലിന്റെ വില ഇങ്ങനെ പോയാല്‍ ജനുവരി അവസാനിക്കും മുന്‍പ് ആ വിലക്കയറ്റമെത്തും. ഇതിനൊപ്പം ഓരോ കാരണത്തിന്റെ പേരില്‍ വിലകൂട്ടാനിരിക്കുന്ന ഇടനിലക്കാരെ നിയന്ത്രിക്കാന്‍ ഒരു സംവിധാനമില്ലാത്തതും സാധാരണക്കാരുടെ പോക്കറ്റ് കാലിയാക്കുമെന്നതില്‍ സംശയമില്ല.