‘ഇന്ധനവില വര്‍ധനയ്ക്ക് കാരണം യുദ്ധം; വിമർശനത്തിന് അടിസ്ഥാനമില്ല’

ഇന്ധനവില വര്‍ധനയ്ക്ക് കാരണം യുക്രെയ്ന്‍ യുദ്ധമെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍. തെരഞ്ഞെടുപ്പ് കാലത്ത് വിലകൂട്ടാതെ പിടിച്ചുനിര്‍ത്തിയെന്ന ആക്ഷേപത്തിന് അടിസ്ഥാനമില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞതും യുദ്ധം വന്നതും ഒരേ സമയത്തായതിനാലാണ് വില കൂടിയതെന്നും മന്ത്രിയുടെ വിശദീകരണം. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതിന്റെ അനുപാതത്തില്‍ രാജ്യത്ത് ഇന്ധന വില കൂടിയിട്ടില്ലെന്നും മന്ത്രി അവകാശപ്പെട്ടു.

അതേസമയം, ഇന്ധനവില കുതിച്ചുയരുന്നതിനിടെ മണ്ണെണ്ണ വില കുത്തനെകൂട്ടിയ കേന്ദ്ര നടപടിയിൽ പ്രതിഷേധം ഉയർത്തി മുഖ്യമന്ത്രിയും ഭക്ഷ്യവകുപ്പും.  ഇന്ധനവില വർധന വമ്പിച്ച വിലക്കയറ്റത്തിന് വഴിവയ്ക്കുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. മൽസ്യമേഖലയെ ബാധിക്കുന്ന മണ്ണെണ്ണ വിലവർധന പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

ഒരു ലീറ്റർ മണ്ണെണ്ണയ്ക്ക് 28 രൂപ ഒറ്റയടിക്ക് കൂട്ടി 81 രൂപ ആക്കുക. കേരളത്തിനുള്ള മണ്ണെണ്ണ വിഹിതം 40 ശതമാനം വെട്ടിക്കുറയ്ക്കുക. ഇരുട്ടടിയായുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനങ്ങൾ ഏറ്റവും ബാധിക്കുന്നത് ലക്ഷക്കണക്കിന് വരുന്ന പാവപ്പെട്ട മൽസ്യതൊഴിലാളികളെയാണ്.  റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിഹിതം പോലും അവതാളത്തിലായിരിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രത്തെ കടുത്ത പ്രതിഷേധം അറിയിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ.അനിൽ അറിയിച്ചു. 

തുടര്‍ച്ചായായുള്ള ഇന്ധന–പാചകവാത വിലവര്‍ധന വമ്പിച്ച വിലക്കയറ്റിന് വഴിവയ്ക്കുകയാണെന്ന് ഫേസ്ബുക്കിൽ കുറിച്ച മുഖ്യമന്ത്രി, കേന്ദ്രത്തെ കടന്നാക്രമിച്ചു. ഭക്ഷ്യസബ്സിഡിക്കും എണ്ണ സബ്സിഡിക്കും പണമില്ലെന്ന് പറയുന്ന കേന്ദ്രം കോർപ്പറേറ്റുകൾക്ക് നികുതി ഇളവ് നൽകുകയാണെന്ന് കുറ്റപ്പെടുത്തി. അതേസമയം, യുക്രെയ്ൻ യുദ്ധത്തെ കൂട്ടുപിടിച്ചാണ് കേന്ദ്രമന്ത്രി വി.മുരളീധരൻ ഇന്ധന വിലവർധനയെ പ്രതിരോധിച്ചത്. മണ്ണെണ്ണ വില കൂടി കുത്തനെ കൂട്ടിയതോടെ കേന്ദ്രത്തിനെതിരായ പ്രതിഷേധം കടുപ്പിക്കാനാണ് സർക്കാരിന്റെ തീരുമാനം.