ഒാഖി ദുരിതബാധിതർക്ക് ധനസഹായം എത്രയും പെട്ടെന്ന് നല്‍കുമെന്ന് മുഖ്യമന്ത്രി

ഒാഖി ചുഴലിക്കാറ്റ് ദുരിതബാധിതര്‍, സഹായം ലഭിക്കുന്നതിന് സര്‍ക്കാര്‍ഒാഫീസുകളില്‍ കയറി ഇറങ്ങേണ്ടിവരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനസഹായം മുഴുവനും എത്രയും പെട്ടെന്ന് നല്‍കും. മരിച്ചുപോയവരുടെ ആശ്രിതരായ മാതാപിതാക്കള്‍ക്കും അവിവാഹിതരായ സഹോദരിമാര്‍ക്കും സഹായം ഉറപ്പാക്കും. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും ദുരിതാശ്വാസ നിധിയിലേക്ക്് സംഭാവന നല്‍കണമെന്നും പിണറായി വിജയന്‍ അഭ്യര്‍ഥിച്ചു. 

മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ജീവനക്കാര്‍ മൂന്നു ദിവസത്തെ ശമ്പളം നല്‍കണമെന്ന് പിണറായി വിജയന്‍ ാവശ്യപ്പെട്ടു. പെന്‍ഷന്‍കാരും പൊതുജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഒാഖിയില്‍ മരണമടഞ്ഞവര്‍ക്കുള്ള സഹായം മുഴുവാനും , എത്രയും പെട്ടെന്ന് കൈമാറും ഇതിനായി സര്‍ക്കാര്‍ഒാഫീസുകള്‍ കയറി ഇറങ്ങേണ്ട സ്ഥിതി ഉണ്ടാകില്ല. ആശ്രിതര്‍ക്കെല്ലാം ഗുണകരമാകും വിധം ധനസഹായം ക്രമീകരിക്കും. 

ബോട്ടും തൊഴിലുപകരണങ്ങളും നഷ്ടപ്പെട്ട വര്‍ക്ക് ഉടന്‍സഹായം നല്‍കും. മത്സ്യതൊഴിലാളിക്ഷേമനിധിയില്‍ അംഗമല്ലാത്തവരെയും സഹായപരിധിയില്‍കൊണ്ടുവരും. ആശുപത്രിയിലുള്ള വര്‍ക്ക് ഇരുപതിനായിരം രൂപ നല്‍കും, വലിയ പരുക്കുപറ്റിയവര്‍ക്ക് ബദല്‍ജീവനോപാധി ഉറപ്പാക്കും. 1843 കോടി രൂപ കേന്ദ്രസഹായമായി ആവശ്യപ്പെട്ടുകൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിവരികയാണ്. കാണാതായവര്‍ക്കുള്ള തെരച്ചില്‍തുടരും. കാണാതായവരുടെ കണക്കിനെക്കുറിച്ച് തര്‍ക്കം വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയെങ്കിലും കാണാതായതിനെ കുറിച്ച വിവരം ലഭിച്ചാല്‍ ഉടന്‍ അന്വേഷിക്കും.