തലമുടിയില്‍ തീ പടര്‍ത്തിയുള്ള അന്‍സിഫിന്‍റെ മുടിവെട്ട് ഇങ്ങനെ, പൂര്‍ണ വിഡിയോ

മലപ്പുറത്തെ ഈ മുടിമുറിക്കടയില്‍ തലമുടിക്ക് 'തീവയ്ക്കുമ്പോൾ' തലയാകെ കത്തിപ്പോകുമെന്ന് ഭയം വേണ്ട. 'തല തിരിഞ്ഞ' പല രസികന്‍ ആശയങ്ങളും പരീക്ഷിച്ച് വിജയിപ്പിച്ച മലപ്പുറത്തുകാരാണ് തീ ഉപയോഗിച്ച് തല ചൂടാക്കി മുടി വെട്ടുന്ന വിദ്യ കടലിനക്കരെ നിന്ന് നാട്ടിലെത്തിച്ചത്. 

അഫ്ഗാനിസ്ഥാൻ ഗ്രാമങ്ങളിൽ നിന്നാണ് തല ചൂടാക്കി മുടി വെട്ടുന്ന ഐഡിയ ഇറക്കുമതി ചെയ്തത്. അഞ്ചു വർഷത്തോളം ദുബായിൽ ബാർബർ ജോലി ചെയ്ത വാണിയമ്പലം സ്വദേശി അൻസിഫ് തന്റെ വണ്ടൂരിലെ താടിക്കടയിൽ നടത്തുന്ന പരീക്ഷണം വൈറലായിക്കഴിഞ്ഞു. അഫ്ഗാൻ പൗരനിൽ നിന്നാണ് അൻസിഫ് ഈ വിദ്യ പഠിച്ചത്. ചുരുണ്ട മുടിയുമായി എത്തിയ പയ്യന്റെ 'ഹെയര്‍ സ്റ്റൈല്‍' തീ പടര്‍ത്തി അന്‍സിഫ് മാറ്റിയെടുക്കുന്നതാണ് വിഡിയോയില്‍.

അന്‍സിഫ് പറയുന്നത് കേള്‍ക്കാം: ദ്രാവക രൂപത്തിലുള്ള മരുന്നുകൂട്ട് തലയിൽ ആദ്യം തേച്ചു പിടിപ്പിക്കും. കത്രികക്ക് പകരം മുടി മുറിക്കാൻ തീയാണ് ഉപയോഗിക്കുന്നത്. ചുരുണ്ട മുടി നിവർത്താൻ ഉള്ള എളുപ്പപ്പണിയാണിത്. മുടി തീവച്ചു വെട്ടിയാൽ ഏതു രൂപത്തിൽ എങ്ങനേയും രൂപമാറ്റം വരുത്താനാകും. അധിക സമയവും വേണ്ട. മുടി വെട്ടാൻ ബാർബർ ഷോപ്പിൽ ഇരുന്നു കൊടുക്കുന്നവർക്ക് തല കത്തുമെന്ന  പേടി വേണ്ട. 

മറ്റൊരു കാര്യം കൂടി പറയാനുണ്ട് അന്‍സിഫിന്, ഈ മരുന്നിന്‍റെ കൂട്ട് ആര്‍ക്കും പറഞ്ഞു കൊടുക്കില്ല. ദുബായില്‍ നിന്ന് തന്‍റെ ഗുരു പറ‍ഞ്ഞ കാര്യമാണത്. ആദ്യമൊക്കെ കേരളത്തില്‍ ഇങ്ങനെയൊരു പരീക്ഷണത്തിന് ആളെക്കിട്ടുമോ എന്ന ശങ്ക ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ ധാരാളം പേര്‍ ഇവിടെ എത്തുന്നുണ്ടെന്നും അന്‍സിഫ് പറയുന്നു.

തലക്ക് ചൂട് പിടിക്കുന്നത് അറിയുക പോലുമില്ലെന്ന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നുമുണ്ട്. ചുരുണ്ടികിടന്ന മുടി പുത്തന്‍ സ്റ്റൈലിലാകുന്ന വിഡിയോയുമുണ്ട്. എന്തായാലും സംഭവം അറിഞ്ഞതോടെ സ്വന്തം തലക്ക് 'തീ കൊടുക്കാൻ' വണ്ടൂരിലെ താടിക്കടയിലേക്കുള്ള ഓട്ടത്തിലാണ്  കിഴക്കൻ ഏറനാട്ടിലെ ന്യൂജൻ ചെറുപ്പക്കാരെല്ലാം. 

ഇനി ഒരു മുന്നറിയിപ്പും താരം. അന്‍സിഫ് ദുബായില്‍ നിന്ന് പഠിച്ച വിദ്യയാണ്. അങ്ങനെ എളുപ്പം ആരും പരീക്ഷിക്കരുതെന്ന് അന്‍സിഫ് തന്നെ പറയുന്നു. മരുന്നുകൂട്ടടക്കം പ്രധാനമാണ്. ഏറെ സൂക്ഷമത വേണമെന്നും അന്‍സിഫ് കൂട്ടിച്ചേര്‍ക്കുന്നു.