മേയർക്ക് നേരെയുണ്ടായ ആക്രമണം ആർഎസ്എസ് ആസൂത്രിതം: സിപിഎം

തിരുവനന്തപുരം മേയർ വി.കെ.പ്രശാന്തിനുനേരെ നടന്നത് ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള ആസൂത്രിത ആക്രമണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. അക്രമികൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകുമെന്നും മെഡിക്കൽ കോളജിലെത്തി വി.കെ.പ്രശാന്തിനെ കണ്ട മുഖ്യമന്ത്രി പറഞ്ഞു. കരുതിക്കൂട്ടിയുള്ള അക്രമത്തിൽ പുറത്തുനിന്നുള്ള ആർ.എസ്.എസുകാരും പങ്കെടുത്തെന്ന് മേയർ മനോരമ ന്യൂസിനോട് പ്രതികരിച്ചു. മേയറെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ നിന്ന് മുറിയിലേക്ക് മാറ്റി

മെഡിക്കൽ കോളജിലെത്തി മേയറെ സന്ദർശിച്ച മുഖ്യമന്ത്രി പരുക്കിന്റെയും ചികിൽസയുടെയും വിശദാംശങ്ങൾ ഡോക്ടറോട് നേരിട്ട് ചോദിച്ചറിഞ്ഞു. ഉന്തിലും തള്ളിലും വീണല്ല േമയർക്ക് പരുക്കേറ്റതെന്ന് മുഖ്യമന്ത്രി പിന്നീട് പ്രതികരിച്ചു. കഴുത്തിന് പിന്നിലേറ്റ മർദനം കുറച്ചുകൂടി ശക്തമായിരുന്നെങ്കിൽ ശരീരം തളരുന്ന സ്ഥിതിയുണ്ടാകുമായിരുന്നു. നടന്നത് ആർ.എസ്.എസ് ഗുണ്ടാവിളയാട്ടമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

പുറത്തുനിന്നെത്തിയ ചിലരും ബിജെപി കൗൺസിലർമാരും വഴിതടഞ്ഞെന്നും കാലില്‍പിടിച്ച് വലിച്ച് വീഴ്ത്തിയെന്നും മേയർ പ്രതികരിച്ചു. മേയറെ സന്ദർശിച്ച കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം.സുധീരനും അക്രമത്തെ അപലപിച്ചു. ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ കോർപറേഷൻ കൗൺസിലിലുണ്ടായ സംഘർഷത്തിലായിരുന്നു മേയർക്ക് പരുക്കേറ്റത്. വധശ്രമമടക്കം ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് ബിജെപി കൗൺസിലർമാർക്കും കണ്ടാലറിയാവുന്ന ഏഴുപേർക്കെതിരെയും പൊലീസ് കേസെടുത്തിരിക്കുന്നത്. പരുക്കേറ്റ ബി.ജെ.പി കൗൺസിലർമാരുടെ പരാതിയിൽ പത്ത് ഭരണപക്ഷ കൗൺസിലർമാർക്കെതിരെയും കേസുണ്ട്.