ആറര മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തെത്തിച്ച കുരുന്നിനെ ശസ്ത്രക്രിയക്ക് വിധേയമാക്കും

ആറര മണിക്കൂർ കൊണ്ട് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച കുരുന്നിനെ ഉടൻ ശസ്ത്രക്രിയക്ക് വിധേയമാക്കും. ഹൃദയ തകരാറ്‍ മൂലം അതീവ ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനാണ് ആംബുലൻസ് ട്രാഫിക് സിനിമ മോഡലിൽ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് തിരുവനന്തപുരത്തേക്ക് കുതിച്ചത്. സംസ്ഥാനത്തുടനീളം പൊലീസും വഴിയൊരുക്കി നൽകി. 

ഒരു കുരുന്ന് ജീവൻ രക്ഷിക്കാനുള്ള ആംബുലൻസിന്റെ കുതിച്ചോട്ടത്തിനാണ് ഇന്നലെ രാത്രിയിൽ പരിയാരം മുതൽ തിരുവനന്തപുരം വരെയുള്ള റോഡുകൾ സാക്ഷിയായത്. കാസർകോഡ് ബദിയടുക്ക സ്വദേശികളായ സിറാജ്.ആയിഷ ദമ്പതികളുടെ മകളായ 57 ദിവസം പ്രായമുള്ള ലൈബ എന്ന കുഞ്ഞിനെയാണ് സിനിമാ സ്റ്റൈലിൽ ശ്രീചിത്ര മെഡിക്കൽ കോളജിലെത്തിച്ചത്. ഹൃദയത്തകാരാർ മൂലം അത്യാസന്ന നിലയിലായ കുഞ്ഞുമായി രാത്രി എട്ടരയ്ക്കാണ് ആംബുലൻസ് പരിയാരത്ത് നിന്ന് ഓട്ടം തുടങ്ങിയത്. 

ആംബുലൻസിൽ സജ്ജീകരിച്ച നാല് ലീറ്റർ ഓക്സിജൻ തീരും മുൻപ് തിരുവനന്തപുരത്തെത്തണമെന്നായിരുന്നു നിർദേശം. ആംബുലൻസ് ഡ്രൈവർ തമീമും നഴ്സ് ജിന്റോയും വാട്സാപ്പിലൂടെ സഹായം അഭ്യർത്ഥിച്ചതോടെ ചൈൽഡ് പ്രൊട്ടക്ട് ടീമും ആംബുലൻസ് ഡ്രൈവർമാരുടെ കൂട്ടായ്മയെല്ലാം സന്ദേശം സംസ്ഥാനത്തെമ്പാടും കൈമാറി. നഗരങ്ങളിൽ ഗതാഗതം നിയന്ത്രിച്ച് പൊലീസും വഴിയൊരുക്കി. അങ്ങനെ ആറര മണിക്കൂരിലെ കുതിപ്പിനൊടുവിൽ പുലർച്ചെ മൂന്നരയോടെ ആശുപത്രിയിലെത്തി. ഐ.സി.യുവിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ആശുപത്രി അറിയിച്ചു.