നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്ക്; രേഖാശര്‍മ

കേരളത്തിലെ മതപരിവര്‍ത്തന വിഷയത്തില്‍ ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകള്‍ തമ്മില്‍ തര്‍ക്കം.നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് പിന്നില്‍ ചില തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്നാണ് ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ നിലപാട്. സംഘടനകള്‍ ഏതൊക്കെയാണെന്ന് കണ്ടെത്താന്‍ ഡിജിപിയ്ക്ക് പരാതി നല്‍കുമെന്നും അവര്‍ പറഞ്ഞു. നിർബന്ധിത മതംമാറ്റമില്ലെന്നും രേഖാ ശര്‍മയുടെ നിലപാട് രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയാണെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് ദേശീയ വനിതാകമ്മിഷന്‍ അധ്യക്ഷ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നതായിപ്പറഞ്ഞത്. മതപരിവര്‍ത്തനം ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തിലാണെന്ന് പറഞ്ഞ രേഖാ ശര്‍മ ഇതിന് പിന്നില്‍ ചില തീവ്രവാദ സംഘടനകള്‍ക്ക് ബന്ധമുണ്ടെന്ന് കൂടി ചേര്‍ത്തു.    

സമഗ്രമായ അന്വേഷണത്തിനായി ബുധനാഴ്ച ഡിജിപിയെ നേരില്‍ക്കാണുമെന്നും അവര്‍ വ്യക്തമാക്കി. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള അഭിപ്രായമെന്നാണ് സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി.  

സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന രേഖാ ശർമയുടെ പ്രഖ്യാപനം വരുംദിവസങ്ങളില്‍ കൂടുതല്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കിടയാക്കും.