കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ശക്തമായ മഴയില്‍ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ അന്‍പത്തിയൊന്ന് ശതമാനം വെള്ളമാണ് കേരളത്തിലെ ഡാമുകളിലുള്ളത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പത്ത് ശതമാനം വെള്ളമാണ് അണക്കെട്ടുകളില്‍ കുറവുളളത്.
ജൂണ്‍ ജൂലൈ മാസങ്ങളില്‍ മഴ ചതിച്ചെങ്കിലും ചിങ്ങം പിറന്നതോടെ മഴ പിടിമുറുക്കി. ഇടുക്കിയില്‍ ഉള്‍പ്പെടെ ഉച്ചയ്ക്ക് ശേഷം ശക്തമായ മഴയാണ്. ഇടുക്കി ഡാമിന്റെ വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ ദിവസം 49.8 മില്ലീമീറ്റര്‍ മഴ ലഭിച്ചു. 27.07 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളം സംഭരണിയില്‍ ഒഴുകിയെത്തി. ഗ്രൂപ്പ് ഒന്നില്‍പെട്ട സംസ്ഥാനത്തെ പ്രധാന വൈദ്യുതി പദ്ധതികളായ ഇടുക്കി, പമ്പ, കക്കി, ഷോളയാര്‍, ഇടമലയാര്‍, കുണ്ടള, മാട്ടുപ്പെട്ടി എന്നിവയുടെ സംഭരണകളില് 47 ശതമാനം വെള്ളമാണ് നിലവിലുള്ളത്. ഗ്രൂപ്പ് രണ്ടിലെ കുറ്റ്യാടി, തരിയോട്, ആനയിറങ്കല്‍, പൊന്മുടി ഡാമുകളില്‍ 73 ശതമാനം വെള്ളമുണ്ട്. ഗ്രൂപ്പ് മൂന്നില്‍പെട്ട ചെറുകിട പദ്ധതികളിലെല്ലാം പരമാവധി സംഭരണശേഷിയോടടുത്താണ് ഇപ്പോഴത്തെ ജലനിരപ്പ്. 98 ശതമാനം വെള്ളമാണ് ഈ ഡാമുകളില്‍ ഇപ്പോഴുള്ളത്.
ഇടുക്കി അണക്കെട്ടില്‍ ഇപ്പോഴുള്ളത് സംഭരണശേഷിയുടെ 42 ശതമാനം വെള്ളമാണ്. നിലവില്‍ സംസ്ഥാനത്ത മുഴുവന്‍ അണക്കെട്ടുകളിലെ വെള്ളം ഉപയോഗിച്ച് 2028 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2252 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാന് ആവശ്യമായ വെള്ളമായിരുന്നു ഡാമുകളിലുണ്ടായിരുന്നത്.