ഭാര്യ വാഹനാപകടത്തില്‍ മരിച്ചു; തൊട്ടുപിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി; നോവ്

ഭാര്യ വാഹനാപകടത്തില്‍ മരിച്ചതിന്റെ തൊട്ടുപിന്നാലെ ഭര്‍ത്താവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഹര്‍ഡോയിലാണ് ദാരുണ സംഭവം നടന്നത്. യോഗേഷ് , ഭാര്യ മണി കര്‍ണിക എന്നിവരാണ് മരിച്ചത്. 

മണികര്‍ണിക (28) ലക്നൗ –ഹര്‍ഡോയി ഹൈവെയില്‍ വാഹനാപകടത്തിലാണ് മരിച്ചത്. യുവതി സഞ്ചരിച്ച സ്കൂട്ടറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. സമീപത്തെ ഹെല്‍ത്ത് സെന്ററില്‍ നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു ഇവര്‍. മണികര്‍ണികയുടെ കയ്യിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് നോക്കിയാണ് ഭര്‍ത്താവിനെ വിവരം അറിയിച്ചത്. സംഭവസ്ഥലത്തെത്തിയ യോഗേഷ് ഭാര്യയുടെ മൃതദേഹവുമായി വീട്ടിലേക്ക് തിരിച്ചു. 

വീട്ടിലെത്തിയ ഇയാള്‍ മുറിയില്‍ കയറി വാതില്‍ അടക്കുകയായിരുന്നു. അയല്‍വാസികള്‍ എത്തി വാതില്‍ തട്ടിയെങ്കിലും പ്രതികരണം ഉണ്ടായില്ല. ഒടുവില്‍ വാതില്‍ പൊളിച്ച് അകത്ത് കയറിയപ്പോഴാണ് യോഗേഷിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സമീപം കത്തും ഉണ്ടായിരുന്നു. ‘ഞങ്ങള്‍ ഒന്നിച്ച് ജീവിച്ചു, ഒന്നിച്ച് വിടപറയുന്നു’ എന്നായിരുന്നു കത്തിലെ വരികള്‍. ആറു മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. 

Wife Dies In Accident, Husband Dies By Suicide A Day Later, Leaves Note