സെക്കന്‍ഡ് എസി കോച്ചില്‍ തിക്കുംതിരക്കും; വിഡിയോ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് റെയില്‍വെ; വിമര്‍ശനം

റിസര്‍വ്ഡ് കോച്ചില്‍ ടിക്കറ്റില്ലാത്ത യാത്രക്കാര്‍ കയറുന്നതിനെ ചോദ്യം ചെയ്ത് വിഡിയോ പങ്കുവെച്ച യാത്രക്കാരന് മറുപടിയുമായി റെയില്‍വെ മന്ത്രാലയം. സെക്കന്‍ഡ് എസി കോച്ചില്‍ യാത്രക്കാര്‍ തിങ്ങി നിറഞ്ഞ് യാത്ര ചെയ്യുകയാണെന്നും ഇന്ത്യയിലെ പ്രീമിയം കോച്ചിന്‍റെ അവസ്ഥ ഇതാണെന്നും വിമര്‍ശിച്ച് എക്സില്‍ പങ്കുവെച്ച വിഡിയോടാണ് റെയില്‍വെ മന്ത്രാലയം പ്രതികരിച്ചത്.  കോച്ചില്‍ തിരക്കില്ലെന്നും തെറ്റായ വിഡിയോകള്‍ പ്രചരിപ്പിച്ച് റെയില്‍വെയുടെ പ്രതിച്ഛായ തകര്‍ക്കരുതെന്നുമാണ് റെയില്‍വെ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക പേജില്‍ നിന്നുള്ള കുറിപ്പ്. 

മുംബൈയില്‍ നിന്നും ഉത്തര്‍പ്രദേശിലെ ഖോരഖ്പൂരിലേക്കുള്ള കാശി എക്സ്പ്രസിന്‍റെ സെക്കന്‍ഡ് എസി കോച്ചില്‍ നിന്നുള്ള വിഡിയോ ചൊല്ലിയാണ് വിമര്‍ശനം. യാത്രക്കാരനായ അദ്നാൻ ബിൻ സൂഫിയാൻ എന്നയാളാണ് സെക്കന്‍ഡ് എസി കോച്ചിലെ തിരക്കില്‍ നടപടി ആവശ്യപ്പെട്ട് വിഡിയോ പങ്കുവച്ചത്. യാത്രക്കാര്‍ ഇടിച്ചുകയറിയതിനാല്‍ വാഷ്റൂമിലേക്ക് പോകാന്‍ സാധിക്കുന്നില്ലെന്നും വാതില്‍ തുറന്നിരിക്കുന്നതിനാല്‍ എസി ഉപയോഗിക്കാനാകുന്നില്ലെന്നുമായിരുന്നു പോസ്റ്റ്. നടപടി ആവശ്യപ്പെട്ട് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, റെയില്‍സേവ, സെന്‍ട്രല്‍ റെയില്‍വെ തുടങ്ങിയവരെ ടാഗ് ചെയ്തായിരുന്നു പോസ്റ്റ്. 

ഈ വിഡിയോയാണ് കപില്‍ എന്ന അക്കൗണ്ട് റീപോസ്റ്റ് ചെയ്തത്. ഏപ്രില്‍ 19 തിന് കപില്‍ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം 2 മില്യണ്‍ പേരാണ് കണ്ടത്. അങ്ങനെ ഇന്ത്യന്‍ റെയില്‍വെയുടെ ഏറ്റവും പ്രീമിയം കോച്ചിലേക്കും തിരക്ക് എത്തിയിരിക്കുന്നു. ഇനി ഫസ്റ്റ് എസി മാത്രമെ നശിപ്പിക്കാന്‍ ബാക്കിയുള്ളൂ എന്നാണ് പോസ്റ്റ്. ഇതിന് താഴെ കടുത്ത വിമര്‍ശനങ്ങളാണ് റെയില്‍വെയ്ക്ക് േനരെ ഉയരുന്നത്. ഇതിന് പിന്നാലെയാണ് വിശദീകരണ വിഡിയോയുമായി റെയില്‍വെ എത്തിയത്. 

'ഇതാണ് നിലവില്‍ കോച്ചിന്‍റെ അവസ്ഥ. ആള്‍തിരക്കില്ല, തെറ്റായ വിഡിയോകളിലൂടെ റെയില്‍വെയുടെ പ്രതിഛായ നഷ്ടപ്പെടുത്തരുത്' എന്നായിരുന്നു കുറിപ്പ്. റിസര്‍വേഷന്‍ കോച്ചുകളിലേക്ക് അണ്‍റിസര്‍വ്ഡ് ടിക്കറ്റുകാരും ടിക്കറ്റില്ലാത്ത യാത്രക്കാരും എത്തുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ഉയരുന്നത്. റെയില്‍സേവയില്‍ നിന്നും നടപടി ആവശ്യപ്പെട്ട് നിരവധി വിഡിയോകളാണ് എക്സില്‍ പങ്കുവെയ്ക്കുന്നത്. തിരക്കുമൂലം കഴിഞ്ഞ ദിവസം യാത്രക്കാര്‍ ശുചിമുറിയില്‍ യാത്ര ചെയ്യുന്ന വിഡിയോ പ്രചരിച്ചിരുന്നു. ദുര്‍ഗന്ധത്തില്‍ നിന്ന് രക്ഷനേടാന്‍ ശുചിമുറിയുടെ ഗ്ലാസ് തകര്‍ത്ത നിലയിലായിരുന്നു. 

Indian Railway Ministy says viral over crowded second ac coach video is misleading