'ഞാന്‍ റെയില്‍വേ മന്ത്രിയല്ല'; തിരക്കില്‍ സീറ്റ് ചോദിച്ച യുവതിയോട് ടിടിഇ; വിഡിയോ

ട്രെയിനിലെ തിരക്ക് കാരണം യാത്ര ചെയ്യാന്‍ സാധിക്കാത്തതിലെ യുവതിയുടെ പരാതിയും അതിന് ടിടിഇ നല്‍കിയ മറുപടിയുമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഓഖ–ബനാറസ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം. ഇത്രയും തിരക്കില്‍ യാത്ര ചെയ്യുമ്പോള്‍ സ്ത്രീകള്‍ക്ക് എങ്ങനെ സുരക്ഷിതത്വം അനുഭവപ്പെടും എന്നാണ് യുവതി ടിടിഇയോട് ചോദിക്കുന്നത്. 

'ദയവുചെയ്ത് എനിക്ക് ട്രെയിനില്‍ ഇരിക്കാന്‍ ഇടം നല്‍കു. കോച്ച് ഫുള്‍ ആണ്. എങ്ങനെയാണ് ഒരു പെണ്‍കുട്ടിക്ക് ഈ പുരുഷന്മാര്‍ക്കൊപ്പം ഇങ്ങനെ നില്‍ക്കാനാവുക', പെണ്‍കുട്ടി ടിടിഇയോട് ചോദിക്കുന്നു.കന്നുകാലികളെ പോലെയാണ് ട്രെയിനില്‍ യാത്രക്കാരെ കയറ്റിയതെന്നും ട്രെയിനിലെ ശൗചാലയത്തില്‍ പോകാന്‍ പോലും തിരക്ക് കാരണം സാധിക്കാത്ത അവസ്ഥയായിരുന്നു എന്നും വിഡിയോ പങ്കുവെച്ചയാള്‍ എക്സില്‍ കുറിച്ചു. 

താന്‍ റെയില്‍വേ മന്ത്രിയല്ലെന്നും കൂടുതല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ തനിക്കാകില്ല എന്നുമാണ് യുവതിക്ക് നേരെ കൈകൂപ്പി നിന്ന് ടിടിഇ പറയുന്നത്. ടിടിഇയുടെ പ്രതികരണത്തിന് എതിരേയും സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നു. ഒന്‍പത് ലക്ഷത്തോളം പേര്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു.

I am not Railway Minister, TTE to the woman who asked for a seat