‘പച്ച വേണ്ട, ചുവപ്പ് തന്നെ’; സൊമാറ്റോ ഡ്രസ്കോഡ് തീരുമാനം പിൻവലിച്ചതിനു പിന്നില്‍

സമ്പൂർണ സസ്യാഹാരം വിതരണം ചെയ്യുന്ന ഡെലിവറി പാർട്ണർമാർക്കും ചുവപ്പ് ഡ്രസ് കോഡ് തന്നെ മതിയെന്ന് ഒടുവിൽ തീരുമാനത്തിലെത്തി സൊമാറ്റോ. സമൂഹമാധ്യമങ്ങളിലെ ഒ‌ട്ടെറെ പ്രതികരണങ്ങളും വിമർശനങ്ങളും കണക്കിലെടുത്താണ്  പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം വിതരണം ചെയ്യുന്നവർക്ക് പച്ച നിറത്തിലുള്ള ഡ്രസ് കോഡ് ഏര്‍പ്പെടുത്താനുള്ള ആലോചന സൊമാറ്റോ വേണ്ടെന്നുവെച്ചത്. നിലവില്‍ സൊമാറ്റോയുടെ എല്ലാ ഡെലിവറി പാര്‍ട്ണര്‍മാര്‍ക്കും ചുവപ്പ് നിറത്തിലുള്ള ഡ്രസ് കോഡാണ്. 

വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണങ്ങള്‍ ഒരുമിച്ച് ഡെലിവറി ബോക്സില്‍ വയ്ക്കുമ്പോള്‍ ആഹാരത്തിന്‍റെ മണം കൂടിക്കലരുന്നതായും വെജ്, നോണ്‍ വെജ് ഭക്ഷണം ഒന്നിച്ചു കൊണ്ടുവരുന്നത് പല ഉപഭോക്താക്കളും ഇത് ഇഷ്ടപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന് പ്രത്യേക വിതരണ ക്രമീകരണം ഏര്‍പ്പെടുത്താന്‍ സൊമാറ്റോ തീരുമാനിച്ചിരുന്നത്. ഇത് ഉപഭോക്താക്കൾക്ക് വെജിറ്റേറിയൻ വിതരണം സുഗമമാക്കുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇങ്ങനെയൊരു വേർതിരിവ് വിവേചനമാണെന്നും ഭക്ഷണക്കാര്യത്തിൽ സ്വകാര്യത പുലർത്തുന്നവരെ ഇത് ബാധിക്കുമെന്നുമൊക്കെയുള്ള വിമർശനങ്ങൾ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായി. ഇതോടെയാണ്  പച്ച ഡ്രസ് കോഡ് നീക്കം പിന്‍വലിക്കാൻ കമ്പനി തീരുമാനിച്ചത്.

ഉപഭോക്താക്കളുടെ അഭിപ്രായം മാനിക്കുന്നുവെന്നും തങ്ങളുടെ എല്ലാ വിതരണക്കാരും ചുവപ്പ് നിറം തന്നെ തുടരുമെന്നും സൊമാറ്റോ സ്ഥാപകനും സിഇഒയുമായ ദീപീന്ദർ ഗോയൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ രേഖപ്പെടുത്തി. പ്യുവര്‍ വെജിറ്റേറിയന്‍ ഭക്ഷണം മാത്രം വിതരണം ചെയ്യുന്ന ഡെലിവറി പാര്‍ട്ണര്‍മാരുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മൊബൈല്‍ ആപ്പില്‍ പ്രത്യേകം രേഖപ്പെടുത്തി പ്രശ്നം പരിഹരിക്കാനാണ് സൊമാറ്റോയുടെ നീക്കം.