10–ാം ക്ലാസ് പരീക്ഷ; തുണ്ട് പേപ്പറുമായി സ്കൂള്‍ ഭിത്തിയില്‍ വലിഞ്ഞു കയറി ആളുകള്‍; വൈറല്‍

പത്താംക്ലാസ് പരീക്ഷ വിദ്യാര്‍ഥികളുടെ ജീവിതത്തിലെ ഒരു കടമ്പയായി പലരും പറയാറുണ്ട്. പക്ഷേ  ആ കടമ്പ കടക്കാന്‍ സഹായിക്കാന്‍ പരീക്ഷാ ഹാളിന്‍റെ ഭിത്തിയില്‍ കോപ്പിയെഴുതിയ പേപ്പറുമായി ട്രപ്പീസ് കളിച്ചാലോ? പരീക്ഷാ സംവിധാനങ്ങളെയും പഠിച്ച് പരീക്ഷയെഴുതുന്നവരെയും അധ്യാപകരെയും വരെ അമ്പരപ്പിക്കുകയാണ് ഹരിയാനയിലെ നൂഹില്‍ നിന്നുള്ള കാഴ്ചകള്‍.  പരീക്ഷാഹാളില്‍ നിന്നും ചോര്‍ന്ന് കിട്ടിയ ചോദ്യക്കടലാസ് നോക്കി ഉത്തരം അതിവേഗം പകര്‍ത്തിയെഴുതി പരീക്ഷാര്‍ഥികളെ 'കൈവിട്ട്' സഹായിക്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വൈറലായത്.  

പരീക്ഷ നടക്കുന്ന ഹാളിന്‍റെ പുറത്ത് നിന്നും ഭിത്തിയില്‍ അള്ളിപ്പിടിച്ച് കയറിയ പന്ത്രണ്ടോളം പേര്‍ വെന്‍റിലേഷനിലൂടെയും ജനാലകളിലൂടെയുമാണ് പരീക്ഷാര്‍ഥികള്‍ക്ക് ഉത്തരങ്ങളെത്തിച്ച് നല്‍കിയത്. ഇങ്ങനെ സഹായിക്കുന്ന പന്ത്രണ്ടോളം പേരുടെ ദൃശ്യമാണ് പുറത്തുവന്നത്. 

ചിലര്‍ കയര്‍ ശരീരത്തില്‍ ബന്ധിപ്പിച്ച് ഭിത്തിയില്‍ വലിഞ്ഞ് കയറുന്നതും മറ്റ് ചിലര്‍ ജനാലകളില്‍ അള്ളിപ്പിടിച്ച് നില്‍ക്കുന്നതും വേറെ ചിലരാവട്ടെ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് കോപ്പിയുമായി മറ്റൊരാളെ പിടിച്ചിറക്കുന്നതും വിഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം വാര്‍ത്തയായതിന് പിന്നാലെ ഹരിയാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

youths rappel up school walls with answers during exam; Haryana