കൊല്ലപ്പെട്ട സിദ്ദു മൂസാവാലയുടെ അമ്മ ഗര്‍ഭിണി; ആശ്വാസത്തില്‍ കുടുംബം

കൊല്ലപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ദു മൂസാവാലയുടെ കുടുംബത്തില്‍ സന്തോഷം തിരിച്ചെത്തിയെന്ന് റിപ്പോര്‍ട്ട്.  സിദ്ദുവിന്റെ മാതാപിതാക്കളായ ബാല്‍കൗര്‍സിങ്, ചരണ്‍ കൗര്‍ എന്നിവര്‍ തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങുകയാണെന്നാണ് വാര്‍ത്ത.  സിദ്ദുവിന്റെ മരണശേഷം കടുത്ത വിഷാദത്തിന് അടിമപ്പെട്ടുപോയിരുന്നു ഇരുവരും. അതില്‍ നിന്നും ഇരുവരെയും മോചിതരാക്കാന്‍ കുടുംബം അങ്ങേയറ്റം ശ്രമിച്ചിരുന്നു.  

ചരണിന്റെയും ബാല്‍കൗര്‍സിങ്ങിന്റെയും ഏക മകനായിരുന്നു സിദ്ദു മൂസാവാല. ചരൺ വീണ്ടും ഗർഭിണിയാണെന്ന വിവരം സിദ്ധുവിന്റെ കുടുംബത്തോടടുത്ത വൃത്തങ്ങളാണ് ഔദ്യോഗികമായി അറിയിച്ചത്. ഐവിഎഫ് ചികിത്സ വഴിയാണ് സിദ്ദുവിന്റെ അമ്മ ഗര്‍ഭം ധരിച്ചത്. നിലവിൽ എട്ടാം മാസത്തിലാണ് ചരൺ എന്നാണു വിവരം. സിദ്ദുവിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ വേദന തളം കെട്ടിയ വീട്ടില്‍ ഇപ്പോള്‍ സന്തോഷം നിറഞ്ഞുനില്‍ക്കുന്നെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

2022 മേയ് 29നാണ് പഞ്ചാബിലെ മാന്‍സ ജില്ലയിൽ സിദ്ധു മൂസാവാല വെടിയേറ്റു മരിച്ചത്. പഞ്ചാബിലെ ജവഹർകി ഗ്രാമത്തിലേക്കുള്ള യാത്രാമധ്യേ മൂസാവാലയും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച വാഹനത്തിനു നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. കാറിന്റെ സീറ്റിൽ വെടിയേറ്റ നിലയിലാണ് മൂസാവാലയെ കണ്ടെത്തിയത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Sidhu Moose Wala’s mother became pregnant