രാമക്ഷേത്രത്തിനായി പ്രഭാസ് 50 കോടി നല്‍കിയോ?; സത്യാവസ്ഥ

അയോധ്യയിലെ രാമക്ഷേത്രത്തിനായി 50 കോടി രൂപ നടന്‍ പ്രഭാസ് നല്‍കിയതായ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. രാമപ്രതിഷ്ഠ നടക്കുന്ന ദിവസം അയോധ്യയിലെ അന്നദാനത്തിന്റെ ചിലവും പ്രഭാസ് ഏറ്റെടുത്തതായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമെന്ന് പ്രഭാസിന്റെ മാനേജിങ് ടീമിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാമപ്രതിഷ്ഠ നടക്കുന്ന ദിവസത്തെ അന്നദാനത്തിന്റെ ചിലവ് പ്രഭാസ് വഹിക്കുമെന്ന് ആന്ധ്രാപ്രദേശ് എംഎല്‍എ ചിര്‍ള ജഗ്ഗിറെഡ്ഡി പറഞ്ഞതായാണ് വാര്‍ത്തകള്‍ പരന്നത്. എന്നാല്‍ ഇതെല്ലാം പ്രഭാസിന്റെ മാനേജിങ് ടീം നിരസിക്കുന്നു. അതേസമയം രാമപ്രതിഷ്ഠ ചടങ്ങിലേക്ക് പ്രഭാസിന് ക്ഷണം ഉണ്ടോയെന്ന് വ്യക്തമല്ല. 

രജനികാന്ത്, ചിരഞ്ജീവി, രാം ചരണ്‍, ധനുഷ് ഉള്‍പ്പെടെയുള്ള തെന്നിന്ത്യന്‍ താരങ്ങള്‍ക്ക് ജനുവരി 22ന് നടക്കുന്ന രാമപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. സിനിമയിലേക്ക് വരുമ്പോള്‍ സലാറിന് ശേഷം ദി രാജാ സാബ് എന്ന സിനിമയിലാണ് പ്രഭാസ് ഇപ്പോള്‍ അഭിനയിക്കുന്നത്. സലാര്‍ പാര്‍ട്ട് 2 ഉള്‍പ്പെടെയുള്ള പ്രോജക്ടകളാണ് പ്രഭാസിന്റെ മുന്‍പില്‍ ഇനിയുള്ളത്. 

Has prabhas donate 50 crore for ram temple? Here is the truth