ഒറ്റക്കെട്ടെന്ന ‘അഭിനയം’; തിരിച്ചറിഞ്ഞ് വോട്ടുകുത്തി ജനം; ഇനിയെന്ത്?

ഭരണത്തുടര്‍ച്ച നല്‍കാത്ത പതിവ് തെറ്റിക്കാതെയാണ് ഇത്തവണയും രാജസ്ഥാനിലെ ജനവിധി എന്നാണ് ഫലസൂചനകള്‍. നാലാം വട്ടം മുഖ്യമന്ത്രിയാകാനുള്ള കോണ്‍ഗ്രസിന്റെ അശോക് ഗെഹ്​ലോട്ടിന്റെ സ്വപ്നങ്ങള്‍ ബിജെപി തകര്‍ക്കുന്നു. ബിജെപിക്ക് അനുകൂലമായി വന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയെന്ന് തെളിയിക്കുമ്പോള്‍ തമ്മിലടിച്ച് കോണ്‍ഗ്രസ് ഭരണം കളഞ്ഞോ എന്ന ചോദ്യമാണ് ഉയരുന്നത്. 

അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റും തമ്മിലുള്ള ആഭ്യന്തര കലഹം തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കോണ്‍ഗ്രസിന് തലവേദനയായിരുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് കോൺഗ്രസ് നേതൃത്വം ഇടപെട്ടു. തര്‍ക്കങ്ങള്‍ പരിഹരിച്ച് തങ്ങള്‍ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടാണെന്നും പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഒറ്റക്കെട്ടായി നിന്നതിന്റെ സൂചനയല്ല കാണുന്നത്. 

2013ലെ തിരഞ്ഞെടുപ്പില്‍ 200 സീറ്റില്‍ 23 സീറ്റിലേക്ക് മാത്രമായി കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞതോടെയാണ് സച്ചിന്‍ പൈലറ്റിന്റെ കൈകളിലേക്ക് പാര്‍ട്ടിയെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസ് നല്‍കുന്നത്. ഗെഹ്​ലോട്ട്–സച്ചിന്‍ പൈലറ്റ് പോരിലേക്ക് വഴി തുറക്കുന്നതും ഇതിലൂടെ തന്നെ. തന്റെ കൈകടത്തല്‍ ഉണ്ടാകില്ലെന്ന് ഗെഹ്​ലോട്ട് ഉറപ്പ് നല്‍കി. എന്നാല്‍ 2018ലെ തിരഞ്ഞെടുപ്പില്‍ ജയം പിടിച്ചതിന് പിന്നാലെ സീനിയോറിറ്റിയെന്നും ജനകീയനെന്നും ചൂണ്ടി മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയത് ഗെഹ്​ലോട്ട്. ഇതിനോട് പൊരുത്തപ്പെടാന്‍ സാധിക്കാതെ നിന്ന സച്ചിന്‍ പൈലറ്റിന് മുന്‍പില്‍ കോണ്‍ഗ്രസ് ഒരു 50:50 ഡീല്‍ കൊണ്ടുവരുന്നു. രണ്ടര വര്‍ഷം ഗെഹ്​ലോട്ടിനും സച്ചിന്‍ പൈലറ്റിനും എന്ന ധാരണ മുന്‍പില്‍ വെച്ചെങ്കിലും കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച് ഗെഹ്​ലോട്ട് അതിനും തടയിട്ടു. 

2020ല്‍ സച്ചിന്‍ പൈലറ്റിന്റെ കലഹം അദ്ദേഹത്തിന് തന്നെ തിരിച്ചടിച്ചു. ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്റെ സ്ഥാനത്ത് നിന്നും മാറി. സച്ചിന്‍ യൂസ്​ലെസ് ആണെന്നും ചെറുപ്രായത്തില്‍ സുപ്രധാന പദവികള്‍ ലഭിച്ചിട്ടും ബിജെപിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിന് പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നും പേരെടുത്ത് പറയാതെ വിമര്‍ശിച്ച് ഗെഹ്​ലോട്ട് എത്തി. തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സര്‍ക്കാരിനെതിരെ പ്രക്ഷോഭവുമായി എത്തുമെന്ന മുന്നറിയിപ്പായിരുന്നു സച്ചിന്‍ പൈലറ്റ് നേതൃത്വത്തിന് നല്‍കിയത്. ഗെഹ്​ലോട്ടുമായുള്ള കൊമ്പുകോര്‍ക്കലുകള്‍ തുടര്‍ന്നതോടെ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് സച്ചിന്‍ പൈലറ്റ് എത്തുമെന്ന വാര്‍ത്തകളും വന്നിരുന്നു. 

ഒടുവില്‍ ലോക്സഭാ തിരഞ്ഞെടിപ്പിന് മുന്‍പായി സെമി ഫൈനല്‍ എന്നോണം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ ശക്തനായ യുവനേതാവ് സച്ചിൻ പൈലറ്റ് തന്റെ മണ്ഡലമായ ടോങ്കിൽ ഏറെ നേരം പിന്നിലായിരുന്നു. നാലാം റൗണ്ട് എണ്ണിയപ്പോഴാണ് നാലക്കം കടക്കുന്നത്. ബിജെപിയുടെ അജിത് സിങ്ങ് മേത്തയാണ് പൈലറ്റിന് വെല്ലുവിളി ഉയർത്തിയത്. എന്നാൽ, മുഖ്യമന്ത്രി അശോക് ഗെലോട്ടിന് മികച്ച ഭൂരിപക്ഷമുണ്ടെന്നത് കോൺഗ്രസിന് ആശ്വാസമാകുന്നു.

Enter AMP Embedded Script