മണിപ്പുരില്‍ വീണ്ടും മന്ത്രിയുടെ വീട് ലക്ഷ്യമിട്ട് കലാപകാരികള്‍; സുരക്ഷ ജീവനക്കാരന് പരുക്ക്

മണിപ്പുരില്‍ വീണ്ടും മന്ത്രിയുടെ വീട് ലക്ഷ്യമിട്ട് കലാപകാരികള്‍. ഇംഫാല്‍ വെസ്റ്റില്‍ ബിജെപി മന്ത്രി യുംമ്നം ഖേംചന്ദിന്‍റെ വസതിക്കുനേരെ ഗ്രനേഡെറിഞ്ഞു. ഒരു സുരക്ഷ ജീവനക്കാരന് പരുക്കേറ്റു.

ഗ്രാമവികസന–പഞ്ചായത്തിരാജ് വകുപ്പ്  മന്ത്രിയുടെ വസതിക്കുനേരെയാണ് കലാപകാരികള്‍ ഗ്രനേഡെറിഞ്ഞത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു ആക്രമണം. മന്ത്രി യുംമ്നം ഖേംചന്ദിന്‍റെ വസതിക്കുനേരെ ചൈനീസ് നിര്‍മിത ഗ്രനേഡാണ് പ്രയോഗിച്ചത്. കനത്ത സുരക്ഷാവലയത്തിലായിരുന്ന മന്ത്രിയുടെ വസതിക്കടുത്തേക്കെത്താന്‍ അക്രമികള്‍ക്കായില്ല. വീട് ലക്ഷ്യമിട്ടെറിഞ്ഞ ഗ്രനേഡ് ഗേറ്റിന് സമീപത്തായി പൊട്ടി. ഒരു സിആര്‍പിഎഫ് ജവാന്‍റെ കൈക്ക് സാരമായി പരുക്കേറ്റു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.