നൈജീരിയ കസ്റ്റഡിയിലെടുത്ത മലയാളികളടങ്ങിയ എണ്ണക്കപ്പല്‍ മോചിപ്പിച്ചു

പത്ത് മാസം മുന്‍പ് നൈജീരിയ കസ്റ്റഡിയിലെടുത്ത മലയാളി ജീവനക്കാര്‍ അടങ്ങിയ എണ്ണക്കപ്പല്‍ മോചിപ്പിച്ചു. ജീവനക്കാര്‍ കുറ്റക്കാരല്ലെന്ന് നൈജീരിയന്‍ കോടതി ഉത്തരവിട്ടത്തിനെ തുടര്‍ന്നാണ് മോചനം. ജീവനക്കാരുടെ പാസ്പോര്‍ട്ടുകള്‍ ഇന്ന് കൈമാറുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇവര്‍ക്ക് നാട്ടിലേക്ക് മടങ്ങാം.

പത്ത് മാസം നീണ്ട കാത്തിരിപ്പിനും പ്രാര്‍ഥനകള്‍ക്കും ഒടുവിലാണ് നൈജീരയയില്‍ നിന്ന് ആശ്വാസകരമായ വാര്‍ത്ത. ക്രൂഡ് ഓയില്‍ കള്ളക്കടത്ത് ആരോപിച്ചാണ് കഴിഞ്ഞ ഓഗസ്റ്റില്‍ എംടി ഹീറോയിക് ഇഡുൻ എന്ന എണ്ണകപ്പല്‍ കസ്റ്റഡിയിലെടുക്കുന്നത്. കപ്പലിലെ 26 ജീവനക്കാരില്‍ പതിനാറ് പേര്‍ ഇന്ത്യക്കാരാണ് ഇതില്‍ മൂന്നു പേര്‍ മലയാളികള്‍. കപ്പലിലെ ചീഫ് ഓഫിസര്‍ ക്യാപ്റ്റന്‍ കൊച്ചി സ്വദേശി സനു ജോസ്, മില്‍ട്ടന്‍ ഡിക്കോത്ത്, കൊല്ലം സ്വദേശി വി. വിജിത് എന്നിവരാണ് മലയാളികള്‍. 

കപ്പല്‍ മോചിപ്പിച്ച വിവരം സനു ജോസ് മനോരമന്യൂസിനോട് സ്ഥിരീകരിച്ചു. പാസ്പോര്‍ട്ട് കയ്യില്‍കിട്ടുന്നതോടെ നാട്ടിലേക്ക് മടങ്ങും. കപ്പല്‍ മോചിപ്പിച്ച വിവരം അറിഞ്ഞ് സന്തോഷത്തിലാണ് ഇവരുടെ കുടുംബാംഗങ്ങളും. മാസങ്ങള്‍ നീണ്ട കോടതി വിചാരണയ്ക്ക് ശേഷമാണ് കപ്പലിന്റെയും ജീവനക്കാരുടെയും മോചനം. കപ്പല്‍ ജീവനക്കാരുടെ മോചനത്തിന് ശക്തമായ രാജ്യാന്തര സമ്മര്‍ദമാണ് നൈജീരയയ്ക്ക് നേരിടേണ്ടിവന്നത്. കേന്ദ്രസര്‍ക്കാരും സജീവ ഇടപെടല്‍ നടത്തി. നൈജീരിയയിലെ പോര്‍ട്ട്ഹാര്‍ കോടതിയിലാണ് കേസിന്‍റെ വാദം. കപ്പല്‍ കമ്പനി വന്‍തുക മോചദന ദ്രവ്യം നല്‍കിയാണ് കേസ് ഒത്തുതീര്‍പ്പാക്കിയതെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ട്