‘കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’: മെട്രോയെ ട്രോളി ജെറ്റ് എയർവേസ് സിഇഒ

ഇന്ത്യയിലെയും ദുബായിലെയും മെട്രോ റെയിൽവേ സ്റ്റേഷനുകളെ താരതമ്യം ചെയ്ത് വിമർശിച്ച ജെറ്റ് എയർവേസ് സിഇഒ സഞ്ജീവ് കപൂറിന്റെ ട്വീറ്റിനെതിരെ വൻ വിമർശനം. ഇന്ത്യൻ മെട്രോ സ്റ്റേഷനുകൾ ‘കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’ മാത്രമാണെന്നായിരുന്നു കപൂറിന്റെ ട്വീറ്റ്. ഇന്ത്യൻ മെട്രോ സ്റ്റേഷനുകളുടെ വാസ്തുവിദ്യയിലുള്ള ‘നിരാശ’യാണ് സഞ്ജീവ് കപൂർ ട്വിറ്ററിലൂടെ പ്രകടിപ്പിച്ചത്.

‘ബെംഗളൂരു, ഗുരുഗ്രാം, കൊൽക്കത്ത... എന്തുകൊണ്ടാണ് നമ്മുടെ ഓവർഗ്രൗണ്ട് / ഓവർഹെഡ് മെട്രോ സ്റ്റേഷനുകൾ ‘കലാപരമായതൊന്നുമില്ലാത്ത, കണ്ണിനു വെറുപ്പേകുന്ന കോൺക്രീറ്റ് വസ്തു’വായി മാറിയത്? ദുബായ് മെട്രോയെ ശ്രദ്ധിക്കൂ. 10 വർഷം മുൻപെങ്കിലുമാണ് ദുബായ് സ്റ്റേഷൻ പണിതത്’ സഞ്ജീവ് കപൂർ ദുബായ് – ബെംഗളൂരു സ്റ്റേഷനുകളുടെ ചിത്രം ഉൾപ്പെടുത്തിയ ട്വീറ്റിൽ പറഞ്ഞു.

മാർച്ച് 25ന് ബെംഗളൂരു മെട്രോയുടെ പർപ്പിൾ ലൈൻ (വൈറ്റ്ഫീൽഡ് – കെആർ പുരം മെട്രോ റൂട്ട്) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സഞ്ജീവ് കപൂറിന്റെ ട്വീറ്റ് വന്നിരിക്കുന്നത്. അതേസമയം, ട്വീറ്റ് കാണാന്‍ കഴിയുന്നവരുടെ എണ്ണം സഞ്ജീവ് കപൂർ പരിമിതപ്പെടുത്തിയിട്ടുണ്ട്.