ശരീരമാകെ രോമം; നിറയുന്ന പരിഹാസം; അപൂര്‍വ രോഗവുമായി ലളിതിന്റെ ജീവിതം: ദൈന്യം

shafeeq-01
SHARE

കയ്യിലും മുഖത്തും തിങ്ങിനിറഞ്ഞ് രോമം. മധ്യപ്രദേശുകാരനായ ലളിത് പാതിദാർ എന്ന പതിനേഴുകാരന്റെ ചിത്രവും ജീവിതവുമാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയാകുന്നത്. മധ്യപ്രദേശിലെ നന്ദിലേത ഗ്രാമത്തിലെ 12–ാം  ക്ലാസുകാരനായ ലളിത്, തന്റെ ആറാം വയസ് മുതൽ നേരിടുന്ന പരിഹാസവും രൂക്ഷമാണ്. വൂൾഫ് സിൻഡ്രം എന്ന അപൂർവ രോഗാവസ്ഥയാണ് ലളിത് നേരിടുന്നത്. വൈദ്യശാസ്ത്രത്തിൽ ഹൈപ്പര്‍ട്രൈക്കോസിസ് എന്നറിയപ്പെടും. ശരീരത്തില്‍  അനിയന്ത്രിതമായി രോമം വളരുകയാണ് രോഗം വഴി സംഭവിക്കുന്നത്. ജന്മനാലോ പിന്നീടോ ശരീരത്തില്‍ പിടിപെടുന്ന രോഗം വളരെ കുറഞ്ഞയാളുകളിലേ കണ്ടെത്തിയിട്ടുള്ളൂ. 

അപൂര്‍വ രോഗത്തിന് പിടിയിലായ ലളിത് സമൂഹത്തില്‍ നിന്ന് നേരിടുന്ന ഒറ്റപ്പെടലും പരിഹാസവും വലുതാണ്. പുരാണ ജീവിയെന്ന് വിളിച്ച് തന്നെ ചെറുപ്പത്തിൽ കുട്ടികൾ കല്ലെറിയാറുണ്ടായിരുന്നുവെന്നും ഇപ്പോഴും അതേ പരിഹാസം നേരിടുന്നുണ്ടെന്നും ലളിത് പറയുന്നു. 

എന്താണ് ഹൈപ്പര്‍ട്രൈക്കോസിസ്..?

യു.എസ് ഗവൺമെന്റിന് കീഴിലുള്ള നാഷണൽ ലൈബ്രറി ഓഫ് മെഡിസിന്റെ റിപ്പോർട്ട് അനുസരിച്ച് 50 ആളുകളിലാണ് ഈ രോഗം കണ്ടെത്തിയിട്ടുള്ളത്. പുരുഷന്മാരിലും സ്ത്രീകളിലും രോഗം കാണപ്പെടാം. ശരീരത്തില്‍ മുഴുവനായി ബാധിക്കുന്നതും ചില ഭാഗങ്ങളിൽ മാത്രം ബാധിക്കുന്നതുമായ രണ്ട് തരത്തിൽ ഇവ കാണപ്പെടാറുണ്ട്. ലേസർ ഹെയർ റിമൂവൽ, ഡിപിലേറ്ററി ക്രീം, ഇലക്ട്രോലിസിസ് എന്നിവ ഉപയോഗിച്ച് രോമം നീക്കം ചെയ്യുക എന്നതിൽ കവിഞ്ഞ് മറ്റു ചികിത്സാ മാർഗങ്ങളൊന്നുമില്ല.

ഈ രോഗത്തിന് ചികിത്സയില്ലെന്നും അതിനോടൊപ്പം ജീവിക്കാൻ താൻ പഠിച്ചിട്ടുണ്ടെന്നും ലളിത് പറയുന്നു. പരിഹാസങ്ങളെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള ആത്മവിശ്വാസവും ധൈര്യവും ലളിത് നേടിയിട്ടുണ്ട്.

MORE IN INDIA
SHOW MORE