
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം വന്‍വിജയമാതോടെ ഉപഗ്രഹ-റോക്കറ്റ് വിക്ഷേപണങ്ങള്‍ക്കായി സ്വകാര്യ കമ്പനികളുടെ വന്‍തിരക്ക്. 150 ല്‍ അധികം കമ്പനികള്‍ ഇതിനകം റജിസ്റ്റര്‍ ചെയ്തെന്നും അടുത്തമാസങ്ങളില്‍ നിരവധി വിക്ഷേപണ ദൗത്യങ്ങളുണ്ടാകുമെന്നും നോഡല്‍ ഏജന്‍സിയായ ഇൻസ്പേസ് ചെയര്‍മാന്‍ പവന്‍ ഗോയങ്ക മനോരമ ന്യൂസിനോടു വെളിപ്പെടുത്തി. ബഹിരാകാശ ഗവേഷണ–വിക്ഷേപണ രംഗത്തു വൈകാതെ വിദേശനിക്ഷേപം അനുവദിക്കും. ഇതുസംബന്ധിച്ച നയരൂപീകരണം അവസാന ഘട്ടത്തിലാണെന്നും ഗോയങ്ക പറഞ്ഞു.
സ്കൈറൂട്ട് തുറന്നിട്ട വാതായനം കൂടുതല്‍ വിശാലമാകുകയാണ്. 150 ലേറെ കമ്പനികളാണു റോക്കറ്റ്, ഉപഗ്രഹ വിക്ഷേപണങ്ങള്‍ക്കായി ഇസ്റോയെ ഇതിനകം സമീപിച്ചിരിക്കുന്നത്. സ്വകാര്യ സംരഭകര്‍ക്ക് അന്തിമ അനുമതി നല്‍കാനുള്ള നോഡല്‍ ഏജന്‍സിയായ ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ആൻഡ് ഓതറൈസേഷൻ സെന്ററിന്റെ മേല്‍നോട്ടത്തില്‍ ഇതിനകം 16 ധാരണപത്രങ്ങള്‍ ഒപ്പിട്ടു. 5പേര്‍ക്ക് അന്തിമ അനുമതി നല്‍കി ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കമ്പനി ദ്രുവ സ്േപസ് വികസിപ്പിച്ച വാര്‍ത്താ വിനിമയ ഉപഗ്രഹങ്ങളായ തൈബോള്‍ട്ട്–1ഉം രണ്ടും ശനിയാഴ്ച വിക്ഷേപിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്–6 കൂടെയാണ് തൈബോള്‍ട്ടുകള്‍ ഭ്രമണപഥത്തിലെത്തുക ചെന്നൈ ആസ്ഥാനമായുള്ള അഗ്നികുല്‍ കോസ്മോസിന്റെ റോക്കറ്റുളുടെ ആദ്യ പരീക്ഷണ വിക്ഷേപണം അടുത്ത മാസമുണ്ടാകും. ബെല്ലാട്രിക്സ് എയ്റോസ്പേസ്, ആസ്ട്രോം ടെക്നോളജീസ്, വൺവെബ് ഇന്ത്യ കമ്മ്യൂണിക്കേഷൻസ് തുടങ്ങി ഒരുപിടി കമ്പനികള്‍ അന്തിമ അനുമതി്ക്കായി അപേക്ഷ നല്‍കി കാത്തിരിക്കുന്നുണ്ട്.