ഭരണഘടന ബെഞ്ചിലെ നടപടികളുടെ തല്‍സമയ സംപ്രേഷണം ആരംഭിച്ചു

supreme-court
SHARE

ചരിത്രം കുറിച്ച് സുപ്രീംകോടതി. ഭരണഘടന ബെഞ്ചിലെ നടപടികളുടെ തല്‍സമയ സംപ്രേഷണം ആരംഭിച്ചു. ആദ്യദിവസം മൂന്ന് ഭരണഘടന ബെഞ്ചിലെ നടപടികളാണ് സംപ്രേഷണം ചെയ്യുന്നത്. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികളിലെയും മഹാരാഷ്ട്ര ഭരണപ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളും ആദ്യദിവസത്തെ സംപ്രേഷണത്തില്‍ ഉള്‍പ്പെടുന്നു.

സുപ്രീംകോടതി നടപിടകള്‍ പൊതുജനങ്ങള്‍ക്ക് തല്‍സമയം കാണാന്‍ അവസരം ഒരുക്കണമെന്ന ദിര്‍ഘകാല ആവശ്യം ഒടുവില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഇതിലേക്കുള്ള ആദ്യ കാല്‍വയ്പ്പെന്ന നിലയില്‍ ഭരണഘടന ബെഞ്ചുകളുടെ നടപടികള്‍ തല്‍സമയ സംപ്രേഷണം ചെയ്ത് തുടങ്ങി. ചീഫ്ജസ്റ്റിസ് യു.യു ലളിത് മുതിര്‍ന്ന ജഡ്ജിമാരായ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്.കെ കൗള്‍ എന്നിവര്‍ നയിക്കുന്ന ഭരണഘടന ബെഞ്ചുകളുടെ നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്താണ് ചരിത്ര നീക്കത്തിന് പരമോന്നത കോടതി തുടക്കം കുറിച്ചിരിക്കുന്നത്. സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ചീഫ്ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിച്ചത്.  

ശിവസേന ആഭ്യന്തര കലഹത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലുണ്ടായ ഭരണ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഹര്‍ജികളാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പരിഗണിച്ചത്. യൂട്യൂബ് വഴിയാണ് നിലവിലെ സംപ്രേഷണം. ഇതിന്‍റെ ലിങ്ക് സുപ്രീംകോടതി വെബ്സൈറ്റിലും കേന്ദ്രസര്‍ക്കാരിന്‍റെ വെബ്കാസ്റ്റ് പോര്‍ട്ടലിലും നല്‍കിയിട്ടുണ്ട്. സുപ്രീംകോടതിക്ക് സ്വന്തമായി സ്ട്രീമിങ് പ്ലാറ്റ്ഫോം വരുന്നതുവരെ മാത്രമായിരിക്കും യുട്യൂബ് വഴിയുള്ള സംപ്രേഷണം. ഭരണഘടന ബെഞ്ചിലെ നടപടികള്‍ സംപ്രേഷണം ചെയ്യുന്നത് വിജയകരമാണെങ്കില്‍ എല്ലാ കേസുകളുടെയും നടപിടകള്‍ തല്‍സമയം സംപ്രേഷണം ചെയ്യാനാണ് ആലോചന. 

MORE IN INDIA
SHOW MORE