ആളുമാറി സംസ്‌കരിച്ചു: മരണാന്തര പൂജക്കിടെ മരിച്ച സ്ത്രീ തിരിച്ചെത്തി

deadbody
SHARE

ചെന്നൈയിൽ തീവണ്ടി തട്ടി മരിച്ചത് അമ്മയാണെന്ന് കരുതി മകൻ മൃതദേഹം സംസ്കരിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം അമ്മ വീട്ടിൽ മടങ്ങിയെത്തി. അംബേദ്കര്‍ നഗറില്‍ താമസിക്കുന്ന വടിവേലുവിന്‍റെ അമ്മ ചന്ദ്രയുടെതെന്ന് കരുതി മറ്റൊരു മൃതദേഹം സംസ്കരിച്ചത്. എന്നാല്‍ തൊട്ടടുത്ത ദിവസം ചന്ദ്ര വീട്ടില്‍ തിരിച്ചെത്തിയതോടെ സംസ്ക്കരിച്ച മൃതദേഹം ആരുടെതെന്ന് അറിയാന്‍ പൊലീസ് ശ്രമം ശക്തമാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ സമീപത്തെ ക്ഷേത്രത്തില്‍ തൊഴാന്‍ പോയതായിരുന്നു ചന്ദ്ര. ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനാല്‍  തിരച്ചില്‍ നടത്തി. പിന്നീട് പോലീസില്‍ വിവരം അറിയിച്ചു.

അതിനിടയിലാണ് ഗുഡുവാഞ്ചേരിക്ക് സമീപം ട്രെയിന്‍ ഇടിച്ച് സ്ത്രീ മരിച്ചെന്ന വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ താംബരം റെയില്‍വേ പോലീസ് മൃതദേഹം ക്രോംപേട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചു. മൃതദേഹം അമ്മയുടെതാണെന്ന് കരുതി വടിവേലു ഏറ്റുവാങ്ങി സംസ്ക്കരിക്കുകയും ചെയ്തു. എന്നാല്‍ വീട്ടില്‍ മരണാന്തര പൂജ നടക്കുന്നതിനിടെയാണ് വീട്ടുകാരെ ആശ്ചര്യപ്പെടുത്തി ചന്ദ്ര തിരിച്ചെത്തുന്നത്. സമീപജില്ലകളിലെ ക്ഷേത്രങ്ങളില്‍ കൂടി ദര്‍ശനം നടത്തിയതിനാലാണ് വീട്ടിലേക്കു വരാന്‍ വൈകിയതെന്ന് ചന്ദ്ര അവരെ അറിയിച്ചു.

ട്രെയിന്‍ ഇടിച്ച് തല ചതഞ്ഞിരുന്നു അതുകൊണ്ട് മൃതദേഹം അമ്മയുടെതാണന്ന് തിരിച്ചറിയാൻ കഴിഞ്ഞില്ലെന്ന് വടിവേലു പറഞ്ഞു. അമ്മയും മരിച്ച സ്ത്രീയും ഒരേ നിറമുള്ള സാരി ധരിച്ചിരുന്നതിനാലാണ് മൃതദേഹം അമ്മയുടെതെന്ന് ഉൗഹിച്ചതെന്നും വടിവേലു പറഞ്ഞു.

MORE IN INDIA
SHOW MORE