'ഭാഗവതിന്റെ നീക്കം ഭാരത് ജോഡോയുടെ പ്രഭാവത്തിൽ; രാഹുലിനൊപ്പം നടക്കൂ'

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തിയത് രാജ്യത്തെ ഒന്നിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയുടെ പ്രഭാവം മൂലമാണെന്ന് കോണ്‍ഗ്രസ്. പ്രമുഖ മുസ്​ലിം നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ മോഹന്‍ ഭാഗവത് വ്യാഴാഴ്ച ഡല്‍ഹിയില്‍ മുസ്​ലിം പള്ളിയും മദ്രസയും സന്ദര്‍ശിച്ച സാഹചര്യത്തിലാണ് കോണ്‍ഗ്രസിന്റെ പ്രസ്താവന. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ മുഖ്യപുരോഹിതന്‍ ഡോ. ഉമര്‍ അഹമ്മദ് ഇല്യാസിയുമായി ഭാഗവത് ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

ആര്‍എസ്എസ് മേധാവി ആദ്യമായി ഇത്തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുന്നത് ഭാരത് ജോഡോ യാത്രയുടെ പ്രഭാവം മൂലമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗൗരവ് വല്ലഭ് പറഞ്ഞു. യാത്ര തുടങ്ങി 15 ദിവസം മാത്രം കഴിയുമ്പോള്‍ തന്നെ ഫലം കണ്ടു തുടങ്ങി. ഒരു ബിജെപി വക്താവ് ചാനല്‍ ചര്‍ച്ചയില്‍ ഗോഡ്‌സെ മുര്‍ദാബാദ് പറഞ്ഞു. മോഹന്‍ ഭാഗവത് ഇതരമതസ്ഥന്റെ വീട്ടില്‍ പോകുന്നു. ഇതെല്ലാം ഭാരത് ജോഡോ യാത്രയുടെ പ്രഭാവമാണെന്നും ഗൗരവ് പറഞ്ഞു. യാത്ര അവസാനിക്കുന്നതോടെ, രാജ്യത്ത് ഭരണകക്ഷി സൃഷ്ടിച്ചിരിക്കുന്ന വിഭാഗീയതയും വിദ്വേഷവും അപ്രത്യക്ഷമാകും. ഈ 15 ദിവസത്തെ യാത്ര തന്നെ മോഹന്‍ ഭാഗവതിനെ ഇത്രയും സ്വാധീനിച്ചുവെങ്കില്‍ അദ്ദേഹം ഒരു മണിക്കൂറെങ്കിലും ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തു രാഹുല്‍ ഗാന്ധിക്കൊപ്പം ദേശീയ പതാക കൈയിലേന്തി നടക്കണമെന്നും ഗൗരവ് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയും സമാനമായ ട്വീറ്റുമായി രംഗത്തെത്തി. വിദ്വേഷപ്രസംഗങ്ങളുടെ പേരില്‍ മന്ത്രിമാര്‍ ഒറ്റപ്പെടുന്ന ഘട്ടത്തിലാണ് മോഹന്‍ ഭാഗവത് ഇമാമുമാരുമായി കൂടിക്കാഴ്ചയ്ക്കു തയാറാകുന്നതെന്ന് പവന്‍ ട്വീറ്റ് ചെയ്തു. 

വ്യാഴാഴ്ച ഡല്‍ഹിയിലെ കസ്തുര്‍ബ ഗാന്ധി മാര്‍ഗിലെ പള്ളിയിലും ആസാദ് മാര്‍ക്കറ്റിലെ മദ്രസയിലുമാണ് മോഹന്‍ ഭാഗവത് സന്ദര്‍ശനം നടത്തിയത്. മദ്രസയില്‍ അധ്യാപകരും കുട്ടികളുമായി അദ്ദേഹം ഒരു മണിക്കൂറോളം സംവദിച്ചു.