വിദ്യാർഥി ആത്മഹത്യ ചെയ്ത സ്കൂളിൽ മലയാളി മാധ്യമപ്രവർത്തകരെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

വിദ്യാര്‍ഥി ആത്മഹത്യയെ തുടര്‍ന്നു വന്‍ സംഘര്‍ഷമുണ്ടായ തമിഴ്നാട് കള്ളക്കുറിച്ചിയിലെ സ്കൂളില്‍ മലയാളിയടക്കമുള്ള മാധ്യമ പ്രവര്‍ത്തകരെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സ്കൂളിലെ അറ്റകുറ്റപ്പണികളെ കുറിച്ചു വാര്‍ത്ത ശേഖരിക്കാന്‍ പോയ മാധ്യമ പ്രവര്‍ത്തകരെ ക്രൂരമായി ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു. സ്കൂള്‍ മാനേജ്മെന്റുമായി ബന്ധമുള്ള 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

വിദ്യാര്‍ഥി കെട്ടിടത്തില്‍ നിന്നു ചാടി മരിച്ചതിനെ തുടര്‍ന്ന് ജൂലൈ 13നു കള്ളക്കുറിച്ചി ചിന്നസേലത്തെ ശക്തി മെട്രിക്കുലേഷന്‍ സ്കൂള്‍ ജനക്കൂട്ടം ആക്രമിച്ചതാണിത്. രണ്ടര മാസം പിന്നിടുമ്പോള്‍ സ്കൂള്‍ വീണ്ടും തുറക്കാനുള്ള നീക്കങ്ങള്‍ സജീവമാണ്. കണ്ണില്‍കണ്ടതെല്ലാം ജനം തകര്‍ത്ത സ്കൂളിലെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ചു വാര്‍ത്ത ശേഖരിക്കാന്‍ എത്തിയതായിരുന്നു നക്കീരന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മലയാളിയായ പ്രകാശും ഫൊട്ടോഗ്രഫര്‍ അജിത്ത് കുമാറും. സ്കൂള്‍ പരിസരത്തുവച്ചു മാനേജ്മെന്റിന്റെ ആളുകളെ ഇവരെ ആക്രമിച്ചു. കാറില്‍ രക്ഷപ്പെട്ട ഇരുവരെയും പത്തംഗ സംഘം ഇരുചക്രവാഹനത്തില്‍ പിന്തുടര്‍ന്നെത്തി വീണ്ടും ആക്രമിച്ചു.  തട്ടിയെടുക്കാനുള്ള ശ്രമം തടഞ്ഞതോടെ വാഹനം തല്ലിതകര്‍ത്തു. പൊലീസെത്തിയാണ് ഇരുവരെയും രക്ഷിച്ചത്.

പരുക്കേറ്റ ഇരുവരെയും ആത്തൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് 5പേര്‍ അറസ്റ്റിലായി. 5പേര്‍ക്കായി തിരച്ചില്‍ തുടങ്ങിയതായി ചിന്നസേലം പൊലീസ് അറിയിച്ചു.