എന്താണ് ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരായ ബാര്‍ കോഴ കേസ് ?

എന്താണ് കേസ്/ ആരോപണം ?

കേരളത്തിലെ ബാര്‍ കോഴ വിവാദവുമായി സമാനതകളുള്ളതാണ് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കമുള്ളവര്‍ക്കെതിരായ കേസ്.   നിയമവിരുദ്ധമായി  സ്വകാര്യവ്യക്തകള്‍ക്ക് മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കാന്‍ കൈക്കൂലി വാങ്ങി. മദ്യനയത്തില്‍ ആകെ വെള്ളം ചേര്‍ത്തു. ലൈസന്‍സ് നേടാന്‍ സ്വകാര്യ ലോബി സിസോദിയയുടെ അടുപ്പക്കാര്‍ക്ക് കോടികള്‍ കൈക്കൂലി നില്‍കിയെന്ന് സിബിഐ കേസ്. 4 മുതല്‍ 5 കോടി വരെ കൈക്കൂലിയായി വാങ്ങിയെന്ന് എഫ്ഐആര്‍ പറയുന്നു. മലയാളികളായ രണ്ടു പേര്‍, വിജയ് നായര്‍, അരുണ്‍ രാമചന്ദ്രപിള്ള എന്നിവരും കേസില്‍ പ്രതികളാണ്.  ആദ്യം ചീഫ് സെക്രട്ടറി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കി ഇതിന്‍റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണറാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. 

എന്താണ് മദ്യ നയം?

വിദഗ്ധസമിതി ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആം ആദ്മി സര്‍ക്കാര്‍ മദ്യനയം പരിഷ്ക്കരിച്ചത്. മദ്യവില്‍പന രംഗത്തു നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നതായിരുന്നു പുതിയ നയം. ഉപഭോക്താക്കള്‍ക്ക് മാന്യമായ സേവനം ലഭ്യമാക്കാനും  കരിഞ്ചന്തയും മദ്യമാഫിയയുടെ സ്വാധീനവും കുറക്കാനുമാണ് പുതിയ നയമെന്ന് സര്‍ക്കാര്‍ വിശദീകരിച്ചു. റന്ന ലേലത്തിലൂടെ  849 സ്വകാര്യ കമ്പനികള്‍ക്ക് മദ്യശാലകള്‍ അനുവദിക്കപ്പെട്ടു.  ഡല്‍ഹിയെ 32 സോണുകളായി വിഭജിച്ച് ഓരോ സോണിലും 27 പരമാവധി മദ്യശാലകള്‍ അനുവദിക്കപ്പെട്ടു. സോണുകള്‍ തോറും ലേലം വിളിച്ചാണ് ലൈസന‍്‍സ് നല്‍കിയത്. കൊടും ചൂടിലും തണുപ്പിലും മദ്യശാലകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്ന രീതി അവസാനിച്ചു. വൃത്തിയുള്ള സ്വകാര്യമദ്യവില്‍പനശാലകള്‍ കളംപിടിച്ചു.   കച്ചവടം കൊഴുപ്പിക്കാന്‍, വിലനിര്‍ണയാവകാശം ലൈസന്‍സികള്‍ക്ക് നല്‍കി.  ഇത് വലിയ തോതില്‍ ഡിസ്കൗണ്ട് ലഭ്യമാക്കി. മദ്യശാലകള്‍ പുലര്‍ച്ചെ 3 മണി വരെ തുറക്കാന്‍ അനുവദിച്ചു. സൂപ്പര്‍ പ്രീമിയം ഷോപ്പുകള്‍ മദ്യം രുചിച്ച ശേഷം പണം നല്‍കിയാല്‍ മതിയെന്നായി.  ഹോം ഡെലിവറിയടക്കം നടപ്പാക്കപ്പെട്ടു. ജൂണ്‍ മാസത്തിലെ കണക്കനുസരിച്ച് മാര്‍ക്കറ്റിലുള്ള 90 ശതമാനം ഷോപ്പുകളിലും മദ്യത്തിന് 50 ശതമാനം ഡിസ്കൗണ്ട് ആയിരുന്നു. ഇത് പക്ഷേ നല്ല ശതമാനം ലൈസന്‍സികള്‍ക്കും വലിയ പ്രയാസമുണ്ടാക്കി. മദ്യോല്‍പാദനവും ഹോള്‍സെയില്‍ വ്യാപാരവുമുള്ള ഏതാനും പേരെ രംഗത്തെ രാജാക്കന്‍മാരുമാക്കി.

വിവാദമായത് എങ്ങനെ ?

കഴിഞ്ഞവര്‍ഷം നംവബറിലാണ് പുതിയ നയം പ്രാബല്യത്തിലായത്.നടപടി ക്രമങ്ങള്‍ പാലിച്ചല്ല ലൈസന്‍സുകള്‍ നല്‍കിയത് എന്ന ആരോപണത്തെത്തുടര്‍ന്ന് ചീഫ് സെക്രട്ടറി നടത്തിയ അന്വേഷണത്തില്‍ വിവിധ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി കണ്ടെത്തി. ലഫ്.ഗവര്‍ണറുടെ അനുവാദമില്ലാതെ മദ്യനയം പരിഷ്ക്കരിച്ചത് അഴിമതിക്കാണെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പറഞ്ഞു. ലൈസന്‍സ് ഫീയില്‍ നല്‍കിയ വലിയ ഇളവുകള്‍ സര്‍ക്കാരിന് കോടികളുടെ നഷ്ടമുണ്ടാക്കിയെന്ന് ചീഫ് സെക്രട്ടറി കണ്ടെത്തി. ഡല്‍ഹി എക്സൈസ് ചട്ടങ്ങള്‍ പ്രകാരം നയത്തില്‍ വരുത്തുന്ന ഏത് മാറ്റത്തിനും ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ഇത് ഉണ്ടായില്ല.  മാത്രമല്ല പുതിയ മദ്യനയം ഭരണഘടനാവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ഡല്‍ഹി മദ്യവ്യവസായി സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.  ബോട്ടിലിന് എന്ന നിലയിലല്ലാതെ ആകെത്തുകയായി വലിയൊരു സംഖ്യ നികുതിയായി ഈടാക്കുന്നത് ചട്ടവിരുദ്ധമെന്ന് ഹര്‍ജി ആരോപിച്ചു. ഇത് ചില വന്‍കിട ലോബികളെ സഹായിക്കാനാണെന്നും പറയുന്നു. വിവാദമായതോടെ പുതിയ മദ്യനയം റദ്ദാക്കാന്‍ അരവിന്ദ് കേജ്രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചു.  ഒറ്റയടിക്ക് സര്‍ക്കാര്‍ പിന്നാക്കം പോയത് വലിയ തോതില്‍ അനിശ്ചിതാവസ്ഥ സൃഷ്ടിച്ചു. പക്ഷേ ലൈസന്‍സ് അനുവദിച്ചതിലെ ക്രമക്കേടുകള്‍ അന്വേഷിക്കപ്പെടണമെന്ന് ലഫ്.ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന നിലപാടെടുത്തു.

 

രാഷ്ട്രീയം  ?

വിദ്യാഭ്യാസമന്ത്രികൂടിയായ മനീഷ് സിസോദിയെ പുകഴ്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തില്‍ ലേഖനം വന്നദിവസമാണ് സിബിഐ അദ്ദേഹത്തിന്‍റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ ഇകഴ്ത്തിക്കാട്ടാനുള്ള ബിജെപിയുടെ ശ്രമമാണ് പിന്നിലെന്ന് കേജ്രിവാള്‍ പറയുന്നു. ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയ ക്രമക്കേടുകള്‍ എന്നു പറയുന്നവ മുന്‍ ലഫ്റ്റനന്‍റ് ഗവര്‍ണറുടെ അനുമതിയോടെ ചെയ്തവയാണെന്ന് മനീഷ് സിസോദിയ ആണയിടുന്നു. മദ്യനയത്തില്‍ വരുത്തിയ മാറ്റത്തിനെതിരെ ബിജെപി സമരരംഗത്തുണ്ടായിരുന്നു. മദ്യപാനത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണ നയമെന്നായിരുന്നു വാദം. കോണ്‍ഗ്രസിനും ഇതേ നിലപാടാണുള്ളത്. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നല്ല പ്രകടനം നടത്തുമെന്ന് അവര്‍ അവകാശപ്പെടുമ്പോള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രിക്കെതിരായ അഴിമതിക്കേസ് ഗുജറാ്തതില്‍ തിരിച്ചടിയാകുമോയെന്ന് കാത്തിരുന്ന് കാണാം.