അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചു; മർദ്ദനമേറ്റ ദളിത് ബാലന്‍ മരിച്ചു; പ്രതിഷേധം

അധ്യാപകന്റെ പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ക്രൂര മർദ്ദനമേറ്റ ഒൻപതുകാരനായ ദളിത് ബാലന്‍ മരിച്ചു. രാജസ്ഥാനില്‍ ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയെ മർദ്ദിച്ച അധ്യാപകനെ കൊലപാതകക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലുള്ള ഒരു സ്വകാര്യ സ്‌കൂളിലെ വിദ്യാർഥിയാണ് മരിച്ചത്. 

ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിയുടെ ഭാഗത്തുമടക്കം ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങുകയായിരുന്നു. വിഷയത്തില്‍ വ്യാപക പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ഇതോടെ പ്രദേശത്തെ  ഇന്റര്‍നെറ്റ് കണക്ഷനടക്കം താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്. 

'അധ്യാപകനായ ചെയ്‌ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചുവെന്ന് പറഞ്ഞാണ് ഞങ്ങളുടെ മകനെ ക്രൂരമായി മർദ്ദിച്ചത്. ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. അവന്റെ കണ്ണില്‍ നിന്നും ചെവിയില്‍നിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു'– എന്നാണ് കുട്ടിയുടെ പിതാവ് ദേവ്‌റാം മേഘവാള്‍ പറഞ്ഞത്.

സംഭവത്തിൽ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ദുഃഖം രേഖപ്പെടുത്തി. കേസില്‍ വേഗതയിലുള്ള അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അഞ്ചു ലക്ഷം രൂപയും ഗെഹലോട്ട് പ്രഖ്യാപിച്ചു.  കുട്ടിയുടെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി രാജസ്ഥാന്‍ പൊലീസ് സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചിട്ടുണ്ട്.