‘എനിക്ക് പെങ്ങളെപ്പോലെ; തെറ്റ് മനസ്സിലാക്കുന്നു’: നേതാവിന്റെ വാക്കുകള്‍

‘ഇവൾ എന്റെ പെങ്ങളെപ്പോലെയാണ്. ഞാന്‍ എന്റെ തെറ്റ് മനസ്സിലാക്കുന്നു’. യുവതിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത ശേഷം യുപിയിലെ ബിജെപി നേതാവിന്‍റെ വാക്കുകൾ ഇങ്ങനെ. നോയിഡയിലാണ് സംഭവം. ഫ്ലാറ്റ് പരിസരത്ത് അനധികൃതമായി മരം നട്ടതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഇദ്ദേഹം അയൽവാസിയായ സ്ത്രീയെ അസഭ്യം പറഞ്ഞത്. ഇതിന്റെ വിഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി കിസാൻ മോർച്ച പ്രവർത്തകനായ ശ്രീകാന്ത് ത്യാഗിയാണ് സ്ത്രീയെ അസഭ്യം പറഞ്ഞത്.  ത്യാഗിക്കെതിരെ പൊലീസ് കടുത്ത നടപടി സ്വീകരിച്ചതിനെ എതിര്‍ത്ത് പാര്‍ട്ടിയിലെ നേതാക്കള്‍ തന്നെ രംഗത്ത് വന്നിരുന്നു. ത്യാഗിയുടെ വീടിന്റെ ഭാഗങ്ങള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുകയും ചെയ്തിരുന്നു.

പൊലീസിൽ പരാതി നൽകിയപ്പോഴാണ് അസഭ്യവർഷത്തിനിരയായ യുവതി തനിക്ക് പെങ്ങളെപ്പോലെയാണെന്നും ഈ രീതിയിൽ മോശം പറയാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതി പറഞ്ഞത്. തന്റെ പ്രവൃത്തിയിൽ ഖേദമുണ്ടെന്നും പ്രതി അറിയിച്ചു. ഇനി ഇങ്ങനെ ഉണ്ടാകില്ല എന്ന ഉറപ്പും പ്രതി നൽകിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.