യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഓഫിസ് അടച്ചുപൂട്ടി സീൽ ചെയ്ത് ഇ.ഡി

ഡൽഹിയിലെ ഹെറൾഡ് ഹൗസിൽ സ്ഥിതിചെയ്യുന്ന യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഓഫിസ് അടച്ചുപൂട്ടി സീൽ ചെയ്ത് ഇ.ഡി. നാഷനൽ ഹെറൾഡ് കേസിലാണ് നടപടി. പിന്നാലെ AICC ആസ്ഥാനത്തും സോണിയയുടെയും രാഹുലിന്റെയും വസതിക്ക് മുൻപിലും ഡൽഹി പൊലീസും അർധസൈനിക വിഭാഗങ്ങളും കനത്തസുരക്ഷ ഏർപ്പെടുത്തി. ഈ നടപടികളിൽ ദുരൂഹതയാരോപിച്ച്  കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പാർട്ടി ആസ്ഥാനത്തെത്തി പ്രതിഷേധിച്ചു. 

കോൺഗ്രസിനെതിരെ നാടകീയ നീക്കങ്ങളാണ് EDയും ഡൽഹി പൊലീസും അർധസൈനിക വിഭാഗവും ചേർന്ന് നടത്തിയത്. ആദ്യം ITOയിലുള്ള ഹെറാൾഡ് ഹൗസിൽ സ്ഥിതി ചെയ്യുന്ന യങ് ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ ഓഫിസ് അടച്ചുപൂട്ടി സീൽ ചെയ്തു. അനുവാദമില്ലാതെ അകത്തു പ്രവേശിക്കരുതെന്നും നിർദേശം. ഇന്നലെ ഇതടക്കം 12 ഇടങ്ങളിൽ ഇ.ഡി. റെയ്ഡ് നടത്തിയിരുന്നു. തൊട്ടുപിന്നാലെ 10 ജനപഥിലെ സോണിയ ഗാന്ധിയുടെ വസതിയും തുഗ്‌ളഗ് ലൈനിലെ രാഹുലിന്റെ വസതിയിലും AICC ആസ്ഥാനം സ്ഥിതി ചെയ്യുന്ന അക്ബർ റോഡും പൊലീസ് ബാരിക്കേഡുകൾ നിരത്തി അടച്ചു. ഇതോടെ കോൺഗ്രസ്‌ പ്രവർത്തകർ നേതാക്കളും ആസ്ഥാനത്തേക്ക് എത്തി. തുടർന്ന് മുദ്രാവാക്യം വിളികളുമായി സംഘടിച്ചു. യങ് ഇന്ത്യയുടെ ഓഫിസ് മാത്രം  താൽക്കാലികമായി സീൽ ചെയ്തതാണെന്ന് ED അറിയിച്ചു. പൊലീസ് പിൻവലിഞ്ഞതോടെ പ്രവർത്തകരും നേതാക്കളും മടങ്ങി.