600 കോടിയുടെ സ്വത്ത് പാവങ്ങള്‍ക്ക്; യുപി സര്‍ക്കാരിന് കൈമാറി; വ്യവസായിയുടെ നന്‍മ

ഉത്തർപ്രദേശിലെ മൊറാദാബാദിൽ താമസിക്കുന്ന സാമൂഹിക പ്രവർത്തകനും വ്യവസായിയുമായ ഡോ.അരവിന്ദ് കുമാർ ഗോയൽ തന്റെ സമ്പത്ത് മുഴുവൻ പാവപ്പെട്ടവർക്കായി ദാനം ചെയ്യുവാൻ ഉത്തര്‍പ്രദേശ് സര്‍ക്കാരിന് കൈമാറി. ഇദ്ദേഹത്തിന്റെ ആകെ ആസ്തി ഏകദേശം 600 കോടിയോളം വരും. 50 വർഷം കൊണ്ട് ഗോയൽ  സമ്പാദിച്ച 600 കോടി രൂപയുടെ സ്വത്താണ് യുപി സര്‍ക്കാരിന് കൈമാറിയത്.

തന്റെ സ്വത്ത് മുഴുവൻ പാവപ്പെട്ടവരെ സഹായിക്കുവാൻ വേണ്ടിയാണ് ഉത്തർപ്രദേശ് സർക്കാരിന് സംഭാവന ചെയ്തിരിക്കുന്നത്. . മൊറാദാബാദ് സിവിൽ ലൈനിൽ ഉള്ള വീട് മാത്രമാണ് തനിക്കിനി സ്വന്തമായിട്ട് ഉള്ളത്. തന്റെ സ്വത്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് ദാനമായി നല്‍കണമെന്ന തീരുമാനം 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് എടുത്തതാണെന്നും അരവിന്ദ് ഗോയൽ പറയുന്നു. 

ഉത്തർപ്രദേശ്, രാജസ്ഥാൻ, മഹാരാഷ്ട്ര തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ നൂറിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വൃദ്ധസദനങ്ങൾ, ആശുപത്രികൾ എന്നിവയുടെ ട്രസ്റ്റിയാണ് അരവിന്ദ് ഗോയൽ. കൊവിഡ് ലോക്ക് ഡൗൺ സമയത്തും മൊറാദാബാദിലെ 50 ഗ്രാമങ്ങൾ ദത്തെടുത്ത് ആളുകൾക്ക് ഭക്ഷണം നൽകുകയും മരുന്ന് നൽകുകയും ചെയ്തു. അരവിന്ദ് ഗോയലിന്റെ അച്ഛൻ പ്രമോദ് കുമാറും അമ്മ ശകുന്തള ദേവിയും സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. നാല് തവണ രാഷ്ട്രപതി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

'അത് ഡിസംബർ മാസമായിരുന്നു, ഞാൻ ട്രെയിനിൽ എങ്ങോട്ടോ പോകുകയായിരുന്നു. അപ്പോഴാണ് മുന്നിൽ നിന്ന് ഒരു പാവം തണുപ്പ് കൊണ്ട് വിറയ്ക്കുന്നത് കണ്ടത്. അവന്റെ കാലിൽ ഒരു ഷീറ്റോ ചെരിപ്പോ ഉണ്ടായിരുന്നില്ല. എനിക്ക് ആ മനുഷ്യനെ കാണാതിരിക്കാൻ കഴിഞ്ഞില്ല. ഞാൻ എന്റെ ഷൂസ് ഊരി അവന് കൊടുത്തു, പക്ഷേ കടുത്ത തണുപ്പ് കാരണം എന്റെ അവസ്ഥയും മോശമാകാൻ തുടങ്ങി. എത്ര പേർ ഇങ്ങനെ വിറയ്ക്കുമെന്ന് അന്ന് ഞാൻ കരുതി. അന്നുമുതൽ ഞാൻ ദരിദ്രരെയും നിരാലംബരെയും സഹായിക്കുന്നു'. ഡോ. ഗോയൽ പറഞ്ഞു.ഈ തീരുമാനത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന്റെ എല്ലാ പിന്തുണയുണ്ട്.