ഇന്ത്യയുടെ രാഷ്ട്രപതിമാർ; ഡോ. രാജേന്ദ്രപ്രസാദ് മുതൽ റാംനാഥ് കോവിന്ദ് വരെ

presidents-of-india-list
SHARE

ഇന്ത്യയെന്ന ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിന് പുതിയ രാഷ്ട്രപതി സ്വന്തമാകുമ്പോള്‍, പറയാന്‍ ആ വഴിയില്‍ സമ്പന്നമായ ചരിത്രം തന്നെയുണ്ട്. നമ്മുടെ രാജ്യത്തിന്റെ രാഷ്ട്രത്തലവനും പ്രഥമ പൗരനും സായുധസേനാ വിഭാഗങ്ങളുടെ പരമോന്നത മേധാവിയുമാണ് രാഷ്ട്രപതി. മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയില്‍ പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ടല്ല തെരഞ്ഞെടുക്കുന്നത്. ജനം തെരഞ്ഞെടുത്ത ജനപ്രതിനിധികള്‍ വോട്ട് ചെയ്താണ് രാഷ്ട്രപതിയെ തീരുമാനിക്കുന്നത്. 1950 ജനുവരി 26ന് ഡോ. രാജേന്ദ്രപ്രസാദ് ആദ്യ രാഷ്ട്രപതിയായി ചുമതലയേറ്റതു മുതല്‍ 14  രാഷ്ട്രപതിമാര്‍ ഭാരതത്തിനുണ്ടായി. അവർ ആരൊക്കെയാണെന്ന് പരിശോധിക്കാം.

1-ഡോ. രാജേന്ദ്രപ്രസാദ്; (1950-1962);

ബിഹാർ ഗാന്ധി എന്നറിയപ്പെടുന്ന രാജേന്ദ്ര പ്രസാദ്, സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതിയും, ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായ വ്യക്തികൂടിയാണ്. 1950 ജനുവരി മുതല്‍ 1962 മെയ് വരെ 12 വർഷം അദ്ദേഹം ഇന്ത്യയുടെ പ്രഥമ പൗരനായി തുടർന്നു. രണ്ട് തവണ രാഷ്ട്രപതിയായി സേവനം അനുഷ്ഠിക്കാൻ കഴിഞ്ഞ ഏക രാഷ്ട്രപതി, ഭാരതരത്നം നേടിയ ആദ്യ പ്രസിഡന്റ്കൂടിയാണ്  ഡോ. രാജേന്ദ്രപ്രസാദ്.

2- ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ (1962-1967)

രണ്ടാമത്തെ രാഷ്ട്രപതിയായ വ്യക്തി ഇന്ത്യയുടെ തത്ത്വചിന്തകനായ പ്രസിഡന്റ് എന്നറിയപ്പെടുന്ന ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍ ആണ്. 1962 മെയ് മുതല്‍ 1967 മെയ് വരെയായിരുന്നു അദ്ദേഹം ഭാരതത്തിന്റെ രാഷ്ട്രപതിയായിരുന്നത്. ദക്ഷിണേന്ത്യക്കാരനായ ആദ്യ പ്രസിഡന്റ്, ആന്ധ്ര, ബനാറസ് യൂണിവേഴ്സിറ്റികളുടെ വൈസ് ചാൻസലറും ഓക്സ്ഫഡ് സർവകലാശാലയിലെ അധ്യാപകനുമായിരുന്ന രാഷ്ട്രപതി, ഇന്ത്യ–ചൈന യുദ്ധസമയത്ത് ഇന്ത്യയിലാദ്യമായി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാഷ്ട്രപതി, 1965ൽ ഇന്ത്യ–പാക്ക് യുദ്ധം നടക്കുമ്പോൾ ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന വ്യക്തി എന്നിങ്ങനെ ചരിത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന രാഷ്‌ട്രപതി കൂടിയാണ് ഡോ. സര്‍വേപള്ളി രാധാകൃഷ്ണന്‍. അദ്ദേഹത്തിന്റെ ജന്മദിനമായ സെപ്റ്റംബർ അഞ്ചിനാണ് ഇന്ത്യയിൽ അധ്യാപകദിനമായി ആചരിക്കുന്നത്.

3-സാക്കിർ ഹുസൈൻ (1967-1969)

സ്വതന്ത്ര ഇന്ത്യയുടെ മൂന്നാമത്തെ രാഷ്ട്രപതിയായ വ്യക്തിയാണ് സാക്കിർ ഹുസൈൻ. ഇന്ത്യയിലെ ആദ്യ മുസ്‌ലിം രാഷ്ട്രപതിയായ സാക്കിർ ഹുസൈൻ രണ്ടുവര്‍ഷം മാത്രമാണ്  അധികാരത്തിലിരുന്നത്. 1967 മെയ് മുതല്‍ 1969 മെയ് വരെ. കാലാവധി തികയ്ക്കാതെ പദവിയിലിരിക്കെ അന്തരിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി കൂടിയാണ് അദ്ദേഹം. സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന്, 1967-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട വി.വി. ഗിരി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു.

ജസ്റ്റിസ് എം. ഹിദായത്തുള്ള.

രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി വി.വി ഗിരി രാജിവെച്ചപ്പോൾ ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി മാറിയത് ഇന്ത്യയുടെ മുഖ്യന്യായാധിപനായിരുന്ന ജസ്റ്റിസ് എം. ഹിദായത്തുള്ളയാണ്. പ്രസിഡന്റ് സ്ഥാനം വഹിച്ചിട്ടുള്ള ഏക സുപ്രീംകോടതി ചീഫ്ജസ്റ്റിസ് കൂടിയാണ് ഇദ്ദേഹം. വെറും 35 ദിവസം മാത്രമാണ് ഹിദായത്തുള്ള രാഷ്ടപതിയായി സേവനമനുഷ്ഠിച്ചത്. ഏറ്റവും കുറച്ചുകാലം ആക്ടിങ് പ്രസിഡന്റായിരുന്ന വ്യക്തി, രാഷ്ട്രപതി പദവി അലങ്കരിച്ചശേഷം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചിട്ടുള്ള ഏക വ്യക്തിയും ജസ്റ്റിസ് എം. ഹിദായത്തുള്ളയാണ്.

4-വി.വി ഗിരി (1969-1974)

സാക്കിർ ഹുസൈന്റെ മരണത്തെത്തുടർന്ന് ഇന്ത്യയുടെ ആദ്യ ആക്ടിങ് പ്രസിഡന്റാവുകയും തുടർന്നുനടന്ന തിരഞ്ഞെടുപ്പിൽ ഇന്ത്യയുടെ നാലാമത്തെ രാഷ്ട്രപതിയായി മാറുകയും ചെയ്ത വ്യക്തിയാണ് വി.വി ഗിരിയെന്ന വരാഹഗിരി വെങ്കിട ഗിരി. 1969 ഓഗസ്റ്റ് 24-ന് ചുമതലയേറ്റ അദ്ദേഹം 1974 ഓഗസ്റ്റ് 24 വരെ തുടർന്നു. 1971ലെ അടിയന്തരാവസ്ഥ സമയത്തെ രാഷ്ട്രപതിയുമായിരുന്നു. സ്വതന്ത്രസ്ഥാനാർഥിയായി പ്രസിഡൻറ് പദത്തിലെത്തിയ ആദ്യവ്യക്തിയും ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ പ്രസിഡന്റായ വ്യക്തിയും വി.വി. ഗിരിയാണ്.

5-ഡോ. ഫക്‌റുദ്ദീന്‍ അലി അഹമ്മദ് (1974-1977)

ഡോ. രാജേന്ദ്രപ്രസാദിനുശേഷം വൈസ് പ്രസിഡന്റാകാതെ ഇന്ത്യൻ പ്രസിഡന്റായ വ്യക്തിയാണ് ഡോ. ഫക്‌റുദ്ദീന്‍ അലി അഹമ്മദ്. 1974 ഓഗസ്റ്റ് 24 മുതൽ 1977 ഫെബ്രുവരി 11 വരെ രാഷ്ട്രപതിയായി സേവനമനുഷ്ഠിക്കുകയും  ഇന്ത്യൻ പ്രസിഡന്റ് പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ വ്യക്തിയും  കൂടിയാണ് ഫക്രുദീൻ അലി അഹമ്മദ്. അടിയന്തരാവസ്ഥയുടെ കാലത്ത് രാഷ്ട്രപതിയായിരുന്നത് ഇദ്ദേഹമാണ്. ഫക്രുദ്ദീൻ അലി അഹമ്മദിന്റെ വിയോഗത്തെ തുടർന്ന് 1974-ൽ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട ബാസപ്പ ദാനപ്പ ജട്ടി ഇന്ത്യയുടെ താത്കാലിക രാഷ്ട്രപതിയായി നിയമിക്കപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ 3 തവണയാണു രാഷ്ട്രപതിമാരുടെ അസാന്നിധ്യത്തിൽ ആക്ടിങ് പ്രസിഡന്റുമാർക്കു ചുമതല വഹിക്കേണ്ടി വന്നത്.

6-നീലം സഞ്ജീവ റെഡ്ഡി (1977-1982)

1977 ജൂലായ് 25 മുതൽ 1982 ജൂലായ് 25 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി സേവനമനുഷ്ഠിച്ച വ്യക്തിയാണ് നീലം സഞ്ജീവ റെഡ്ഡി. ആന്ധ്രാപ്രദേശ് സംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രിയായിരുന്നു എൻ.എസ്. റെഡ്ഡിയെന്ന നീലം സഞ്ജീവ റെഡ്ഡി. രാഷ്ട്രപതിഭവനിൽ താമസിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതും സ്വന്തം ശമ്പളത്തിന്റെ 70 ശതമാനം കുറയ്ക്കാൻ ആവശ്യപ്പെട്ടതും സഞ്ജീവ റെഡ്ഡിയെ ശ്രദ്ധേയനാക്കി. ഉപരാഷ്ട്രപതി, ലോക്സഭ സ്പീക്കർ എന്നീ പദവികൾ വഹിച്ചശേഷം രാഷ്ട്രപതിയായ വ്യക്തി, എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട ഏക രാഷ്ട്രപതി, ഒരു തവണ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റതിനുശേഷം പിന്നീട് രാഷ്ട്രപതി സ്ഥാനത്ത് എത്തിയ വ്യക്തി, ബിരുദധാരിയല്ലാത്ത ആദ്യത്തെ ഇന്ത്യൻ പ്രസിഡന്റ്, ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രപതി, എന്നീ വിശേഷണങ്ങളെല്ലാം എൻ.എസ്. റെഡ്ഡിക്ക് അവകാശപ്പെട്ടതാണ്.

7- ഗ്യാനി സെയിൽ സിംഗ്  (1982–1987)

ഗ്യാനി സെയിൽ സിംഗാണ് ഇന്ത്യയുടെ ഏഴാമത്തെ രാഷ്ടപതി. 1982 ജൂലായ് 25-മുതൽ 1987 ജൂലായ് 25 വരെ സേവനകാലാവധി. രാഷ്ട്രപതിയായ ആദ്യ സിഖുകാരൻ കൂടിയാണ് ഇദ്ദേഹം. പഞ്ചാബിൽ മുഖ്യമന്ത്രി പദവി വഹിച്ച ശേഷം പ്രസിഡന്റായ വ്യക്തി, ഇന്ദിരാഗാന്ധി വധം, ഓപ്പറേഷൻ ബ്ലൂ സ്റ്റാർ എന്നിവ നടന്ന സമയത്തെ  രാഷ്ട്രപതി, ഗവൺമെന്റ് അംഗീകരിച്ച തപാൽ ബില്ല് ഒപ്പിടാതെ തിരിച്ചയച്ച് വിവാദം സൃഷ്ടിച്ച ഇന്ത്യൻ പ്രസിഡന്റ് കൂടിയാണ് ഗ്യാനി സെയിൽ സിംഗ്

8-ആർ. വെങ്കിട്ടരാമൻ (1987–1992)

1987 ജൂലായ് 25 മുതൽ 1992 ജൂലായ് 25 വര ‘തമിഴ്നാടിന്റെ വ്യവസായ ശിൽപി’ എന്നറിയപ്പെടുന്ന ആർ. വെങ്കിട്ടരാമനായിരുന്നു ഇന്ത്യൻ രാഷ്ട്രപതി. 24 വർഷം യുഎൻ അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ അംഗവും 1951ൽ സുപ്രീംകോടതിയിൽ വക്കീലും  ഇന്ദിരാഗാന്ധി മന്ത്രിസഭയിൽ ധനകാര്യമന്ത്രിയും ആയതിനുശേഷം ഇന്ത്യൻ രാഷ്ട്രപതിയാകുന്ന വ്യക്തി. ചൈന സന്ദർശിച്ച ആദ്യ ഇന്ത്യൻ രാഷ്ട്രപതി കൂടിയാണ് ആർ. വെങ്കിട്ടരാമൻ.

9-ശങ്കർദയാൽ ശർമ (1992-1997)

1952-ൽ അന്നത്തെ ഭോപാൽ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദം വഹിച്ച ശങ്കർദയാൽ ശർമയാണ്  1992 ജൂലായ് 25 മുതൽ 1997 ജൂലായ് 25 വരെ ഇന്ത്യയുടെ രാഷ്ട്രപതിയായി ചുമതല വഹിച്ചത്. നെഹ്രുവിന്റെയും ഇന്ദിരയുടെയും മന്ത്രിസഭകളിൽ വിദ്യാഭ്യാസം, നിയമം വാർത്താവിനിമയം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നു. പി.വി. നരസിംഹ റാവു, എ.ബി.വാജ്പേയ്, എച്ച്.ഡി.ദേവഗൗഡ, ഐ.കെ. ഗുജ്റാൾ എന്നിങ്ങനെ നാലു പ്രധാനമന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്ത പ്രസിഡന്റ് കൂടിയാണ് ശങ്കർദയാൽ ശർമ.

10-കെ.ആര്‍ നാരായണന്‍ (1997-2002)

രാഷ്ട്രപതി പദവിയിലെത്തുന്ന ഏക മലയാളിയാണ് കെ.ആര്‍ നാരായണന്‍ എന്ന കോച്ചേരി രാമന്‍ നാരായണന്‍. ദലിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ രാഷ്ട്രപതിയെന്ന പ്രത്യേകതയുമുണ്ട് കെ.ആര്‍ നാരായണന്. 1997 ജൂലായ് 25 മുതൽ 2002 ജൂലായ് 25 വരെയാണ് അദ്ദേഹം പ്രസിഡന്റായത്. ജപ്പാൻ, ബ്രിട്ടൻ, തായ്ലന്റ്, തുർക്കി, ചൈന, യുഎസ്എ എന്നീ രാജ്യങ്ങളിൽ അംബാസഡറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരള നിയമസഭാമന്ദിരം ഉദ്ഘാടനം ചെയ്ത് ആദ്യമായി കേരള നിയമസഭയിൽ പ്രസംഗിച്ച ഇന്ത്യൻ രാഷ്ട്രപതി, കാർഗിൽ യുദ്ധസമയത്തും ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിന്റെ സുവർണ ജൂബിലി സമയത്തും  പൊഖ്റാനിലെ ആണവ പരീക്ഷണസമയത്തും രാഷ്ട്രപതിയായിരുന്ന വ്യക്തി, ലോക്സഭയിൽ വോട്ട് ചെയ്ത ഏക ഇന്ത്യൻ പ്രസിഡന്റ്, പത്രപ്രവർത്തകനെന്ന നിലയിൽ ഗാന്ധിജിയെ ഇന്റർവ്യൂ ചെയ്യുകയും പിൽക്കാലത്ത് രാഷ്ട്രപതിയാകുകയും ചെയ്ത വ്യക്തി എന്നിങ്ങനെ ചരിത്രത്താളുകളിൽ നിറഞ്ഞു നിൽക്കുന്ന രാഷ്ട്രപതി കൂടിയാണ് കെ ആർ നാരായണൻ.

11-ഡോ. എ.പി.ജെ അബ്ദുല്‍ കലാം (2002-2007)

2002 ജൂലൈ 25  മുതല്‍ 2007 ജൂലൈ 25  വരെ അധികാരത്തിലിരുന്ന എ.പി.ജെ. അബ്ദുൽ കലാമാണ്‌ ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതിയായത്. ശാസ്ത്രജ്ഞനായ ഇന്ത്യയുടെ ഏക രാഷ്ട്രപതി, കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രചോദനം നല്‍കിയ പ്രസിഡന്റ്,  മിസൈൽ മാൻ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന രാഷ്‌ട്രപതി, ഒരു രൂപ മാത്രം പ്രതിമാസ ശമ്പളം കൈപ്പറ്റിയ രാഷ്ട്രപതി എന്നിങ്ങനെ നിരവധി സവിശേഷതകൾക്ക് അർഹനാണ് ഏറ്റവും ജനസ്വാധീനം നേടിയ പ്രസിഡന്റായി അറിയപ്പെടുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം. ഡോ. എ.പി.ജെയുടെ ജന്മദിനം ഐക്യരാഷ്ട്രസഭ ലോക വിദ്യാര്‍ഥി ദിനമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

12-പ്രതിഭാ പാട്ടീൽ (2007-2012)

ഇന്ത്യയുടെ പന്ത്രണ്ടാമത്തെ രാഷ്ട്രപതിയായ പ്രതിഭാപാട്ടീലാണ് നമ്മുടെ രാജ്യത്തിന്റെ ആദ്യ വനിതാപ്രസിഡന്റ്. 2007 ജൂലായ് 25 മുതൽ 2012 ജൂലായ് 25 വരെയായിരുന്നു പ്രതിഭാ പാട്ടീൽ രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്. വക്കീലായാണ് തുടങ്ങിയതെങ്കിലും മഹാരാഷ്ട്രയിൽ മന്ത്രിയും രാജസ്ഥാനിൽ ഗവർണറുമായിരുന്നു ഇവർ. സുഖോയ് യുദ്ധവിമാനത്തിൽ പറന്ന ആദ്യ വനിതാ രാഷ്ട്രപതി കൂടിയാണ് പ്രതിഭാ പാട്ടീൽ.

13- ഡോ. പ്രണബ് മുഖര്‍ജി (2012-2017)

2012 ജൂലൈ മുതല്‍ 2017 ജൂലൈ വരെ പ്രണബ് കുമാര്‍ മുഖര്‍ജിയാണ് ഇന്ത്യയുടെ രാഷ്ട്രപതിയായിയിരുന്നത്. ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ബംഗാളി കൂടിയാണ് ഡോ. പ്രണബ് മുഖര്‍ജി. കോൺഗ്രസിന്റെ സീനിയർ നേതാവായിരുന്ന അദ്ദേഹം ഇന്ത്യയുടെ ധനകാര്യമന്ത്രി, പ്രതിരോധമന്ത്രി, വിദേശകാര്യമന്ത്രി തുടങ്ങിയ ഉന്നത പദവികളും വഹിച്ചിട്ടുണ്ട്.

14-റാംനാഥ് കോവിന്ദ് (2017-2022)

റാംനാഥ് കോവിന്ദാണ് സ്വതന്ത്ര ഇന്ത്യയുടെ പതിന്നാലാമത്തെ പ്രസിഡന്റ്. 2017 ജൂലായ് 25-നാണ് സ്ഥാനമേറ്റത്. 2022 ജൂലായ് 25 വരെ തുടരാം. 2015 മുതൽ 2017 വരെ ബീഹാർ ഗവർണറായും, 1994 മുതൽ 2006 വരെ പാർലമെന്റ് അംഗമായും റാം നാഥ് കോവിന്ദ് പ്രവർത്തിച്ചു. കെ.ആർ. നാരായണനു ശേഷം ദളിത് വിഭാഗത്തിൽ നിന്നുമുള്ള രണ്ടാമത്തെ രാഷ്ട്രപതിയാണ് ഇദ്ദേഹം.

പല നിയോഗങ്ങളിലൂടെ കടന്നുവന്നവര്‍, പല ദൗത്യങ്ങളില്‍ നായകരായവര്‍. ഈ 14 രാഷ്ട്രപതിമാരുടെ കാലവും അനുഭവങ്ങളും ഇന്ത്യയുടെ ചരിത്രം കൂടിയാണ്. പുതിയ രാഷ്ട്രപതിയെ കാത്തിരിക്കുന്നത് പുതിയ വെല്ലുവിളികളും ദൗത്യങ്ങളും.

MORE IN INDIA
SHOW MORE