കേന്ദ്രത്തെ ഉന്നമിട്ട് പ്രസംഗം; വിഘടനവാദം പ്രോല്‍സാഹിപ്പിച്ചെന്ന് വിമര്‍ശനം; വന്‍ വിവാദം

ഡി.എം.കെ എം.പി. എ.രാജയുടെ പ്രസംഗം വിവാദമാകുന്നു. കഴിഞ്ഞ ദിവസം നാമക്കലില്‍ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ പങ്കെടുത്ത പാര്‍ട്ടി സമ്മേളനത്തിലാണു എ.രാജ വിഘടനവാദത്തെ പ്രോല്‍സാഹിപ്പിക്കുന്ന പ്രസംഗം നടത്തിയതെന്ന് ആരോപണമുയര്‍ന്നത്.

‘തമിഴകത്തിനു കേന്ദ്ര സര്‍ക്കാരില്‍ നിന്നുവേണ്ട പരിഗണന കിട്ടുന്നില്ല. വ്യവസായ സംസ്ഥാനമായിട്ടുപോലും ജി.എസ്.ടി. നഷ്ടപരിഹാരമടക്കുള്ളവ കിട്ടാത്തതു സംസ്ഥാനത്തിന്റെ  വികസനത്തെ ബാധിക്കുന്നുണ്ട്. പ്രധാനമന്ത്രിയോടു ഒരു കാര്യമാണ് പറയാനുള്ളത്. തമിഴ് രാജ്യമെന്ന വാദം വീണ്ടും ഉയര്‍ത്താന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്. ഞങ്ങളുടെ താത്വിക ആചാര്യന്‍ പെരിയാര്‍ തമിഴ്നാട് ഇന്ത്യയില്‍ നിന്നു പുറത്തുപോകണമെന്നായിരുന്നു പറഞ്ഞിരുന്നത്. അഖണ്ഡഭാരതമെന്ന ആശയത്തിന്റെയും ജനാധിപത്യത്തിന്റെയും രക്ഷയ്ക്കായി ഞങ്ങള്‍ ആ ആവശ്യം മാറ്റിവച്ചു. എനിക്കു പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ആഭ്യന്തര മന്ത്രി അമിത് ഷായോടും ആവശ്യപ്പെടാനുള്ളത് ആ 'ഡിമാന്‍ഡ്' വീണ്ടും ഉയര്‍ത്താന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുതെന്നാണ്. ഫണ്ടുകളുടെയും ജോലി സാധ്യതയുടെയും കാര്യത്തില്‍ തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുകയാണ്. ഇതുമൂലം തമിഴ്നാട്ടില്‍ സാമ്പത്തിക വളര്‍ച്ചയോ ജോലി സാധ്യതകളോ ഉണ്ടാവുന്നില്ലെന്നും രാജ പ്രസംഗത്തില്‍ പറയുന്നു. 

എതിര്‍പ്പുമായി ബി.ജെ.പി

രാജയുടെ പ്രസംഗത്തിന്റെ വിഡിയോ സഹിതം ബി.ജെ.പി നേതാവ് ഷെഹസാദ് പൂനവാലെ ട്വീറ്റ് െചയ്തതോടെയാണു വിവാദം തുടങ്ങിയത്. സങ്കുചിത മാനസികാവസ്ഥയാണിതെന്നും കേന്ദ്രത്തെ എതിര്‍ക്കുകയെന്നതിനപ്പുറം ഇങ്ങനെ ചെയ്യുമ്പോള്‍ ഇന്ത്യയെന്ന സങ്കല്‍പത്തെ തന്നെയല്ലേ എതിര്‍ക്കുന്നതെന്നും പൂനവാലെ ട്വിറ്ററില്‍ ചോദിച്ചു. ആര്‍.എസ്. എസ്. , ബി.ജെ.പി ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ടെങ്കിലും പ്രസംഗത്തിന്റെ പേരില്‍ പ്രതികരണത്തിന് എ. രാജ ഇതുവരെ തയാറായിട്ടില്ല. 1960 വരെ തമിഴ് ഈഴം എന്ന സ്വതന്ത്ര രാജ്യം വേണമെന്ന ആവശ്യമായിരുന്നു ഡി.എം.കെയുടെ മാതൃ സംഘടനയായ ദ്രാവിഡ കഴകം ഉന്നയിച്ചിരുന്നത്. പിന്നീടാണ്  നിലപാട് മാറ്റിയത്.