സ്റ്റാലിൻ വന്നാല്‍ നാക്ക് മുറിക്കും; ശപഥം നിറവേറ്റി; രക്തംവാർന്ന് യുവതി

തമിഴ്നാട്ടിൽ എം.കെ.സ്റ്റാലിന്‍ മുഖ്യമന്ത്രിയായാൽ നാവ് മുറിക്കുമെന്ന് ശപഥം ചെയ്ത യുവതി വാക്ക് പാലിച്ചിരിക്കുകയാണ് ഇപ്പോൾ. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്റ്റാലിന്റെ ഡിഎംകെ വൻ വിജയം നേടി അധികാരത്തിലേറാനൊരുങ്ങുകയാണ്. പത്തു വർഷത്തിനു ശേഷമാണു ഡി.എം.കെ.അധികാരത്തിലെത്തുന്നത്. വരുന്ന വെള്ളിയാഴ്ച സ്റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതി‍ജ്ഞ ചെയ്യുകയാണ്.

32–കാരിയായ വനിത എന്ന സ്ത്രീയാണ് അറ്റകൈ പ്രയോഗം നടത്തിയത്. വനിതയുടെ കുടുംബം ഡിഎംകെ അനുകൂലികളാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസമാണ് ഇവരെ പൊതുവാക്കുടി മുതലമ്മൻ ക്ഷേത്രത്തിന് സമീപം ബോധരഹിതയായി കണ്ടത്. അമ്പലത്തിന്റെ പടിക്കെട്ടുകളിൽ ഇവരുടെ നാവിന്റെ മുറിച്ച ഭാഗവും കണ്ടെത്തി. സ്റ്റാലിൻ മുഖ്യമന്ത്രിയാകുകയാണെങ്കിൽ നാവ് മുറിച്ച് ബലി അർപ്പിക്കുമെന്ന് ഇവർ നേരത്തെ ശപഥം ചെയ്തിരുന്നുവെന്നാണ് വിവരം. നാക്ക് മുറിച്ചതോടെ രക്തംവാർന്നാണ് ഇവർ അബോധാവസ്ഥയിലായത്. പാറമക്കുടി ഗവൺമെന്റ് ആശുപത്രിയില്‍ ഇവർ ഇപ്പോൾ ചികിൽസയിലാണ്.

പ്രകടന പത്രികയിൽ ജനങ്ങൾക്കു ഒട്ടേറെ വാഗ്ദാനങ്ങൾ സ്റ്റാലിന്‍ നൽകിയിട്ടുണ്ട്. ഇതിനു പുറമെ, ജനങ്ങളിൽ നിന്നു നേരിട്ടു സ്വീകരിച്ച പരാതികൾ 100 ദിവസത്തിനകം പരിഹരിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ഇവയെല്ലാം നടപ്പാക്കുന്നതിനു കഴിവും പ്രാപ്തിയുമുള്ള അംഗങ്ങളെ കൂടെ ചേര്‍ക്കാനാണ് എം.കെ.സ്റ്റാലിന്റെ തീരുമാനം. മുതിർന്ന നേതാക്കന്‍മാരായ ദുരൈമുരുകൻ, ഇ.വി.വേലു, ചെന്നൈ മുൻ മേയർ കൂടിയായ എം.സുബ്രഹ്മണ്യം, കെ.എൻ.നെഹ്റു, പൊന്മുടി, കെകെഎസ്ആർ രാമചന്ദ്രൻ എന്നിവരുടെ പേരുകൾ സജീവമാണ്. പാര്‍ട്ടി ജനറല്‍സെക്രട്ടറി കൂടിയായ ദുരൈമുരുകനെ സ്പീക്കര്‍ സ്ഥാനത്തേക്കു പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.