'ഇന്ത്യ അതിവേഗം വളരും: ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥ'; പ്രധാനമന്ത്രി

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ഈ വർഷം 7.5% വളർച്ച നേടുമെന്നും ലോകത്ത് അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായി മാറുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. 2 വർഷത്തിനകം ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ അതിവേഗ വികസന പാതയിലാകുമെന്നും 2025 ൽ മൂല്യം ഒരു ലക്ഷം കോടി ഡോളറിലെത്തുമെന്നും ഓൺലൈനായി നടന്ന ബ്രിക്സ് വാണിജ്യ ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ മോദി പറഞ്ഞു.  

ഇന്ത്യയുടെ ഡിജിറ്റൽ സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന മാറ്റം ലോകത്ത് മറ്റൊരിടത്തും കണാനാവില്ല. കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ ഇന്ത്യ ‘പരിഷ്കരിക്കുക, പ്രവർത്തിക്കുക, മാറ്റമുണ്ടാക്കുക’ എന്ന തത്വം അനുസരിച്ച് പ്രവർത്തിച്ചതിന്റെ ഗുണം പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

പുതിയ കണ്ടുപിടിത്തങ്ങളെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു. ഒന്നര ലക്ഷം കോടി ഡോളറിന്റെ പുതിയ സംരംഭങ്ങൾ ഉടൻ പ്രവർത്തനക്ഷമമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ തിരിച്ചുവരവിനുള്ള പ്രധാന കാരണം സാങ്കേതിക വളർച്ചയാണ്. ബഹിരാകാശം, ബ്ലൂ എക്കോണമി, ഹരിത ഹൈഡ്രജൻ, ക്ലീൻ എനർജി, ഡ്രോണുകൾ, ജിയോ സ്‌പേഷ്യൽ ഡാറ്റ തുടങ്ങി നിരവധി മേഖലകളിൽ സർക്കാർ പുതിയ നയങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്, റഷ്യയുടെ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ, ബ്രസീൽ പ്രസിഡന്റ് ജൈർ ബൊൽസൊനാരോ, ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റാമഫോസ എന്നിവരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ചൈന സംഘടിപ്പിക്കുന്ന ഉച്ചകോടി നാളെ സമാപിക്കും.