‘ഒരു സൂര്യന്‍ ഒരു ഭൂമി’; ലോകസമാധാനം നേടാൻ യോഗയ്ക്ക് കഴിയും; പ്രധാനമന്ത്രി

ലോകസമാധാനത്തിന് വലിയ പങ്ക് വഹിക്കാന്‍ യോഗയ്ക്ക് സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മൈസുരുവില്‍ എട്ടാമത് രാജ്യാന്തര യോഗദിനാഘോഷങ്ങളില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത തിരഞ്ഞെടുക്കപ്പെട്ട എഴുപത്തിയഞ്ച് പ്രമുഖ സ്ഥലങ്ങളില്‍  കേന്ദ്രമന്ത്രിമാര്‍ യോഗദിനാഘോഷങ്ങളില്‍ പങ്കെടുത്തു. ഒരു സൂര്യന്‍ ഒരു ഭൂമി എന്ന ആശയത്തിലധിഷ്ഠിതമായ ഗാര്‍ഡിയന്‍ യോഗ റിങ്, വിവിധ രാജ്യങ്ങളില്‍ നടന്ന യോഗാഭ്യാസങ്ങളെ കൂട്ടിയിണക്കുന്നതായി. 

മൈസുരുവിലെ പാലസ് ഗ്രൗണ്ടില്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കും കേന്ദ്രമന്ത്രി സര്‍ബാനന്ദ് സോനോവാളിനുമൊപ്പമാണ് പ്രധാനമന്ത്രി യോഗദിനാഘോഷങ്ങളില്‍ പങ്കെടുത്തത്. യോഗയിലൂടെ മനശാന്തി ആര്‍ജിച്ച മനുഷ്യരുടെ കൂടിച്ചേരല്‍ ലോകത്തിനാകെ സമാധാനവും ശാന്തിയും പകരുന്നതാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.  രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് യോഗാഭ്യാസങ്ങളില്‍ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ പുരാനകിലയിലും   ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ കേജ്രിവാള്‍ ത്യാഗരാജ സ്റ്റേഡിയത്തിലും  യോഗാഭ്യാസത്തില്‍ പങ്കെടുത്തു. പാര്‍ലമെന്‍റ് പരിസരത്ത് നടന്ന പരിപാടികള്‍ക്ക് സ്പീക്കര്‍ ഓം ബിര്‍ല നേതൃത്വം നല്‌കി. ഗാര്‍ഡിയന്‍ യോഗ റിങ്ങിന്‍റ ഭാഗമായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട  സ്ഥലങ്ങളിലായിരുന്നു  പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും യോഗാഭ്യാസം നടത്തിയത്. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ് കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിന് മുന്നിലും  മന്‍സൂഖ് മാണ്ഡവ്യ ഏകതാ പ്രതിമക്ക് മുന്നിലും   മുക്താര്‍ അബ്ബാസ് നക്വി ഫത്തേപുര്‍ സിക്രിയിലും പിയൂഷ് ഗോയല്‍ കുരുക്ഷേത്രയിലും ഹര്‍ദീപ് സിങ് പുരി ചെങ്കോട്ടയിലും  ആര്‍.കെ സിങ് നളന്ദയിലും യോഗാഭ്യാസത്തില്‍ പങ്കെടുത്തു. രാജ്യത്തിന്‍റെ അതിര്‍ത്തികളില്‍ സൈനികരും യോഗാഭ്യാസ പ്രകടനം നടത്തി. മഞ്ഞുമൂടിയ ഹിമാലയന്‍ മലനിരകളില്‍  ഇന്തോ–ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്‍റെ യോഗാഭ്യാസം ആവേശകരമായി .