‘പ്രവാചകനിന്ദ പൊറുക്കുമോ?; അബ്ബാസ് ഉണ്ടെങ്കിൽ ചോദിക്ക്’; മോദിയോട് ഒവൈസി

ബിജെപി നേതാവ് നൂപുർ ശർമ നടത്തിയ പ്രവാചകനിന്ദ ക്ഷമിക്കാനാകുമോ എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ബാല്യകാല സുഹൃത്ത് അബ്ബാസിനോട് ചോദിക്കണമെന്ന് ഹൈദരാബാദ് എംപി അസദുദ്ദീൻ‌ ഒവൈസി. നൂപുർ ശർമയുടെ വിവാദ പരാമർശം രാജ്യതലത്തില്‍ വലിയ തരത്തിലുള്ള രാഷ്ട്രീയ കൊടുങ്കാറ്റ് ഉയര്‍ത്തിയിരുന്നു. പ്രതിഷേധം ആളിക്കത്തി. ഇതിന് ഒരാഴ്ചയ്ക്ക് ശേഷമാണ് ഒവൈസിയുടെ പ്രസ്താവന. അമ്മ ഹീരാബെൻ മോദിയുടെ 99-ാം ജന്മദിനത്തോടനുബന്ധിച്ച് എഴുതിയ ബ്ലോഗ് പോസ്റ്റിലാണ് പ്രധാനമന്ത്രി ബാല്യകാല സുഹൃത്ത് അബ്ബാസിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്. 

'എട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രി തന്റെ സുഹൃത്തിനെ ഓർത്തു. നിങ്ങൾക്ക് ഈ സുഹൃത്ത് ഉണ്ടെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഞങ്ങൾ പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നു. അദ്ദേഹം അവിടെയുണ്ടെങ്കിൽ ദയവായി അബ്ബാസിനെ വിളിക്കുക. അബ്ബാസിന്റെ വിലാസം തന്നാൽ‌ അവിടെ പോയി അദ്ദേഹത്തെ കാണാം. മുഹമ്മദ് നബിയെക്കുറിച്ച് നൂപുർ ശർമ്മ പറഞ്ഞത് പ്രതിഷേധാർഹമാണോ അല്ലയോ എന്ന് ഞാൻ അദ്ദേഹത്തോട് ചോദിക്കും. അവർ പറഞ്ഞത് എത്രമാത്രം അധിക്ഷേപകരമാണ് എന്ന് അദ്ദേഹം സമ്മതിക്കും'. ഒവൈസി പറഞ്ഞത് ഇങ്ങനെ. 

നിങ്ങൾ സുഹൃത്തിനെ ഓർമിച്ച് ഒരു കുറിപ്പെഴുതി. അത് വെറും കഥയാണോയെന്ന് ആർക്കറിയാമെന്നും ഒവൈസിയുടെ പരിഹാസം.