'അയോധ്യയ്ക്കു ശേഷം ക്ഷേത്ര നഗരങ്ങൾ ഉണരുന്നു': യോഗി ആദിത്യനാഥ്

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് ശേഷം രാജ്യത്തെ ക്ഷേത്ര നഗരങ്ങൾ ഉണരുകയാണെന്നു അഭിപ്രായപ്പെട്ട് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയിൽ രാമക്ഷേത്രം നിർമ്മിച്ചതിന് ശേഷം, മഥുര, വൃന്ദാവനം, വിന്ധ്യവാസിനി ധാം, നൈമിഷ് ധാം എന്നിവ പോലെ ക്ഷേത്രനഗരമായ കാശിയും ഉണർന്നിരിക്കുന്നതായി കാണുന്നുവെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഞായറാഴ്ച ലഖ്‌നൗവിൽ നടന്ന ബി.ജെ.പിയുടെ ഏകദിന സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞു.

'സംസ്ഥാനത്ത് ഒരു വർഗീയ കലാപവും ഉണ്ടായിട്ടില്ല. രാമനവമിയും ഹനുമാൻ ജയന്തിയും സമാധാനപരമായി നടന്നു.ഉത്തർ പ്രദേശിൽ ആദ്യമായി ഈദിലെ അവസാന വെളളിയാഴ്ച നടന്ന നമസ്‍കാരം റോഡുകളില്‍ നടന്നില്ല. നമസ്കാരത്തിന് ഒരു ആരാധനാലയമുണ്ട്, പള്ളികളിൽ അവരുടെ മതപരമായ പരിപാടികൾ നടത്താം. ആദ്യമായിട്ടാണ് ഇത്തരത്തിൽ റോഡുകളിൽ നമസ്ക്കാരം നടക്കാതിരിക്കുന്നത്'. യോഗി കൂട്ടിച്ചേർത്തു.

കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴിയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവിടെ പ്രതിദിനം ഒരു ലക്ഷത്തോളം ആളുകൾ എത്തുന്നുണ്ട്. പ്രധാനമന്ത്രിക്ക് നന്ദി പറയുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെ ഫലമാണിതെന്നും യോഗി പറയുന്നു. അനാവശ്യമായ ശബ്ദം എങ്ങനെ ഒഴിവാക്കിയെന്ന് നിങ്ങൾ കണ്ടിരിക്കണമെന്ന് മതസ്ഥലങ്ങളിൽ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെ പരാമർശിച്ച് അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്തർപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുള്ള ബിജെപിയുടെ ആദ്യ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമായിരുന്നു ഞായറാഴ്ച നടന്നത്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് ആരംഭിക്കാനും തിരഞ്ഞെടുപ്പിന് ഇപ്പോൾ മുതൽ കളമൊരുക്കണമെന്നും 75 സീറ്റുകൾ നേടുകയെന്ന ലക്ഷ്യത്തോടെ മുന്നേറണമെന്നും യോഗത്തിൽ പാർട്ടി പ്രവർത്തകരോട് യോഗി ആവശ്യപ്പെട്ടു. മഥുരയിലെയും വാരണാസിയിലെയും ക്ഷേത്ര- മസ്ജിദ് തർക്കങ്ങളെക്കുറിച്ചുള്ള നിയമനടപടികൾക്കിടയിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം.