രാത്രി 7 മണിക്ക് ശേഷം സ്ത്രീകളെ നിർബന്ധിച്ച് ജോലിചെയ്യിക്കരുത്; യോഗി സർക്കാർ

രാവിലെ ആറു മണിക്ക് മുൻപും രാത്രി ഏഴ് മണിക്ക് ശേഷവും രേഖാമൂലമുള്ള സമ്മതമില്ലാതെ സ്ത്രീകളെ കൊണ്ട് ജോലിചെയ്യിക്കരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ഇതു സംബന്ധിച്ച് സർക്കാർ സർക്കുലറും പുറത്തിറക്കി. ‌ഏഴ് മണിക്ക് ശേഷം ജോലി ചെയ്യാൻ സ്ത്രീ തൊഴിലാളികൾ വിസമ്മതിച്ചാൽ അവരെ ജോലിയിൽ നിന്നും പിരിച്ചുവിടുന്നത് അടക്കമുള്ള ഒരു നടപടിയും സ്വീകരിക്കാൻ പാടില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.സർക്കാർ–സ്വകാര്യ സ്ഥാപനങ്ങൾക്ക് ഈ ഉത്തരവ് ബാധകമാണ്. 

രാത്രി ജോലി ചെയ്യാൻ തയാറാകുന്ന സ്ത്രീ തൊഴിലാളികൾക്ക് കമ്പനികൾ സൗജന്യ വാഹനസൗകര്യം, ഭക്ഷണം, കൃത്യമായ സുരക്ഷാമേൽനോട്ടം ഉറപ്പാക്കണമെന്നും യോഗി സർക്കാരിന്റെ ഉത്തരവിൽ പറയുന്നു. പൂർണസമ്മതത്തോടെയാണ് സർക്കാർ പറഞ്ഞ സമയത്തിനപ്പുറം ജോലി ചെയ്യുന്നതെന്ന് അവരുടെ കയ്യിൽ നിന്നും സമ്മതപത്രം കമ്പനികൾ എഴുതി വാങ്ങുകയും വേണം. സർക്കാരിന്റെ സ്ത്രീ സുരക്ഷ മുൻനിർത്തിയുള്ള ഒട്ടേറെ പദ്ധതികളും നടപ്പാക്കി വരികയാണ്. സ്ത്രീ ശാക്തീകരണ പദ്ധതിക്കായി 75.50 കോടി രൂപ മാറ്റിവെച്ചിരുന്നു.