24 മണിക്കൂറിനിടെ രണ്ടര ലക്ഷത്തോളം പേർക്ക്; കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയർന്നു. 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് രണ്ടര ലക്ഷത്തോളം പേർക്കാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗേയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്തെ കോവിഡ് സാഹചര്യം മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിലയിരുത്തും .

231 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് കോവിഡ് കേസുകൾ രണ്ട് ലക്ഷം കടക്കുന്നത്. 24 മണിക്കൂറിൽ 2,47,417 പേർക്ക് രോഗം സ്ഥിരീകരിച്ചു. മുന്‍ദിവസത്തേക്കാള്‍ 27 ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ഉണ്ടായത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 13.11 ശതമാനമായിവര്‍ധിച്ചു. 24 മണിക്കൂറിനിടെ 380 മരണവും റിപ്പോര്‍ട്ട് ചെയ്തു. 84,825 പേര്‍ രോഗമുക്തരമായി. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 11.17 ലക്ഷമായി വര്‍ധിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം 5,488 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിലും ഡൽഹിയിലും  രോഗികളുടെ എണ്ണം കുത്തനെ ഉയർന്നതാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് കുത്തിച്ചെത്താൻ കാരണം. മഹാരാഷ്ട്രയിൽ 46,723  പേരും ഡൽഹിയിൽ 27,561പേരും രോഗബാധിsതരായി. ഡൽഹിയിൽ പോസിറ്റിവിറ്റി നിരക്ക് 26 ശതമാനമായി ഉയർന്നു. ഒരാഴ്ചക്കിടയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന രണ്ടാമത്തെ അവലോകന യോഗമാണ് ഇന്ന് വൈകിട്ട് ചേരുന്നത്. ഞായറാഴ്ചത്തെ ഉന്നത തല യോഗത്തിൽ ഉയര്‍ന്ന നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും.