'മകൾ ഇന്ത്യക്കായി മെഡലുകൾ നേടി, അവനോ?'; സിദ്ധാർഥിനെതിരെ സൈനയുടെ പിതാവ്

ബാഡ്മിന്റൻ താരം സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ തമിഴ് നടൻ സിദ്ധാർഥിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദേശീയ വനിതാ കമ്മിഷൻ സ്വമേധയാ കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ സൈനയുടെ പിതാവ് നേരിട്ട് പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്.

തന്റെ മകൾക്ക് വേണ്ടി ചെയ്ത ട്വീറ്റിന്റെ സ്വഭാവത്തിന് നടനെ ആക്ഷേപിച്ചു. ബാഡ്മിന്റൺ കോർട്ടിൽ സൈന ഇന്ത്യക്കായി മെഡലുകൾ നേടിയപ്പോൾ, ആ നടൻ രാജ്യത്തിന് നൽകിയ സംഭാവന എന്താണെന്നായിരുന്നു സൈനയുടെ പിതാവ് ഹർവീർ സിംഗ് നെഹ്‌വാളിന്റെ പ്രതികരണം. ടൈംസ് നൗവുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.

എന്റെ മകളോട് മോശപ്പെട്ട വാക്കുകൾ ഉപയോഗിച്ചപ്പോൾ എനിക്ക് വളരെ വിഷമം തോന്നി. അദ്ദേഹം രാജ്യത്തിന് വേണ്ടി എന്താണ് ചെയ്തത്? അവൾ മെഡലുകൾ നേടി, ഇന്ത്യക്ക് പുരസ്‌കാരങ്ങൾ കൊണ്ടുവന്നു, ഇതായിരുന്നു ഹർവീർ സിംഗിന്റെ ചോദ്യം.

രാജ്യത്തിന്റെ പ്രധാനമന്ത്രി എത്രത്തോളം സുരക്ഷിതരാണെന്ന് ചോദിച്ച് സൈനയുടെ ട്വീറ്റിനെതിരെ സിദ്ധാർത്ഥ് വിമർശനം ഉന്നയിച്ചതാണ് വിവാദമായത്. അടുത്തിടെ പഞ്ചാബ് സന്ദർശനം നടത്തിയ പ്രധാനമന്ത്രി മോദിയുടെ സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയായിരുന്നു സൈനയുടെ ട്വീറ്റ്.

അതേസമയം, സിദ്ധാർഥിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ ട്വിറ്ററിനോട് ആവശ്യപ്പെട്ട വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമ വിഷയത്തിൽ അന്വേഷണം നടത്തി കേസ് റജിസ്റ്റർ ചെയ്യാൻ മഹാരാഷ്ട്ര ഡിജിപിക്കും നിർദേശം നൽകിയിരിക്കുകയാണ് . ഇതിനേയും പിതാവ് സ്വാഗതം ചെയ്തു. ഇതിനിടെ തന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കരുതെന്നും സ്ത്രീകളെ അപമാനിക്കുന്നതായൊന്നും ട്വീറ്റിലില്ലെന്നും സിദ്ധാർഥ് വിശദീകരിച്ചു.