പിന്നോട്ടുപോക്ക് ഇത് രണ്ടാംവട്ടം; ശൈത്യ കാല സമ്മേളനം ചൂടാകുമെന്നുറപ്പ്

കാര്‍ഷിക നിയമങ്ങള്‍ പാസാക്കുമ്പോഴുണ്ടായിരുന്ന ഭിന്നത,  അത് റദ്ദാക്കുമ്പോള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാണ്. കര്‍ഷക സമരവിജയത്തില്‍ നിന്ന് ഉൗര്‍ജമുള്‍ക്കൊണ്ട് സര്‍ക്കാരിനെ കടന്നാക്രമിക്കാനാണ് ഈ മാസം 29ന് ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തില്‍ പ്രതിപക്ഷം ഒരുങ്ങുന്നത്.  

നരേന്ദ്ര മോദി സര്‍ക്കാര്‍ നിയമനിര്‍മാണത്തില്‍ നിന്ന് പിന്നോട്ടുപോകുന്നത് ഇത് രണ്ടാംതവണയാണ്. 2015ല്‍ ഭൂമിയേറ്റെടുക്കല്‍ നിയമം പാതിയില്‍ ഉപേക്ഷിച്ചു. പാര്‍ലമെന്‍റില്‍ നിയമം പാസാക്കുന്നതിന് സമാന നടപടികളാണ് റദ്ദാക്കാനും. പാര്‍ലമെന്‍റിന്‍റെ പരിഗണനയിലാണെങ്കില്‍ പ്രമേയം പാസാക്കി ബില്‍ പിന്‍വലിക്കാം. രാഷ്ട്രപതി ഒപ്പിട്ട് നിയമമായിക്കഴിഞ്ഞാല്‍ റദ്ദാക്കണം. നിയമം റദ്ദാക്കാന്‍ ശുപാര്‍ശ ആദ്യം നിയമമന്ത്രാലയം പരിഗണിക്കും. പിന്നെ റദ്ദാക്കാന്‍ ബില്‍ തയ്യാറാക്കി പാര്‍ലമെന്‍റില്‍ പാസാക്കും. ബില്ലില്‍ രാഷ്ട്രപതി ഒപ്പുവച്ചാല്‍ നിയമം റദ്ദാകും. മൂന്ന് നിയമങ്ങളും റദ്ദാക്കാന്‍ ഒറ്റബില്‍ മതിയാകും.  

റദ്ദാക്കാന്‍ പ്രതിപക്ഷത്തിന്‍റെ പിന്തുണയുണ്ടാകുമെങ്കിലും കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി ശക്തമായ ആക്രമണമായിരിക്കും സര്‍ക്കാരിന് നേരെയുണ്ടാകുക.