ഒരു നോക്ക് കാണാൻ ജനപ്രവാഹം; പുനീതിന് യാത്രാമൊഴിയേകി കർണാടക

അന്തരിച്ച  സൂപ്പർ സ്റ്റാർ പുനീത് രാജ്കുമാറിന് യാത്രമൊഴിയേക്കുകയാണ് കർണാടക. വലുപ്പചെറുപ്പമില്ലാതെ കർണാടക ഒന്നടങ്കം പുനീതിൻ്റെ ഭൗതിക ദേഹം പൊതുദർശനത്തിന് വച്ച ബെംഗളുരു കണ്ഠീരവ സ്‌റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. നാളെയാണ് സംസ്കാര ചടങ്ങുകൾ. അതിനിടെ ബെംഗളൂരുവില്‍ സുരക്ഷ ശക്തമാക്കി.

കന്നഡ സിനിമാ ലോകത്തെ ജെൻ്റിൽമാൻ്റെ അകാല വിയോഗത്തിൽ  തേങ്ങുകയാണ് നാട് മുഴുവനും . പുനീത് രാജ് കുമാർ  ഒരു നാടിന്റെ  ഹൃദയത്തിൽ  ജീവിക്കുന്നതിന്റെ  നേർ  സാക്ഷ്യമാണ് കണ്ഠീരവ ഫുട്ബോൾ സ്റ്റേഡിയത്തിലിപ്പോൾ. ഇന്നലെ വൈകീട്ട് മുതൽ സമൂഹത്തിൻ്റെ നാനാതുറകളിൽ പെട്ട ആളുകൾ ഇങ്ങിനെ സ്‌റ്റേഡിയത്തിലേക്ക് ഒഴുകുകയാണ്. പവർ സ്റ്റാർ കീ ജയ് വിളികൾ  പൊട്ടിക്കരച്ചിലിലാണ് അവസാനിക്കുന്നത്. അത്രയ്ക്ക് ഈ ആഴത്തിലാണ് പുനീതും അച്ഛൻ രാജ് കുമാറും കന്നഡികരെ സ്വാധീനിക്കുന്നത്.

മുഖ്യമന്ത്രി ബസവരാജ് ബൊമ്മ, വൊക്കലിഗ സമുദായ ആചാര്യൻ നിർമലാനന്ദ സ്വാമികൾ, മന്ത്രിമാർ തുടങ്ങിയവർ പുനീതിൻ്റെ ഭൗതികദേഹത്തിന് അരികിൽ മണിക്കൂറുകളാണ് ചെലവഴിച്ചത്.നേരത്തെ ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കുമെന്നായിരുന്നു കർണാടക മുഖ്യമന്ത്രി അറിയിച്ചിരുന്നത്. എന്നാൽ പുനീതിൻ്റെ മകൾ യു.എസിൽ നിന്ന് എത്താൻ വൈകുന്നത് കണക്കിലെടുത്ത് നാളെത്തേക്ക് മാറ്റി. പൂർണ ഔദ്യോഗിക ബഹുമതികളോടെ,  അച്ഛൻരാജ് കുമാർ  അന്ത്യവിശ്രമം കൊള്ളുന്ന കണ്ഠീ രവ സ്റ്റുഡിയോയിലാണ് പുനീതിൻ്റെ സംസ്കാരം .