കുട്ടികൾക്ക് വാക്സീൻ നൽകാൻ കേന്ദ്രം; ന്യുമോണിയ ബാധ തടയും

ന്യൂമോണിയ ബാധ തടയാൻ കുട്ടികൾക്കായി പുതിയ വാക്സീൻ നൽകുന്നു. കേന്ദ്ര പദ്ധതിയുടെ ഭാഗമായി ന്യൂമോ കോക്കൽ കോൺജു ഗേറ്റ് വാക്സീൻ വിതരണത്തിന് സംസ്ഥാനം അനുമതി നല്കി. കോവിഡ് മൂന്നാം തരംഗം മുന്നിൽ കണ്ടാണ് പ്രതിരോധ പദ്ധതി. 

ഗുരുതര ന്യൂമോണിയ്ക്ക് കാരണമാകുന്ന ന്യൂമോകോക്കൽ ബാക്ടീരിയയെ പ്രതിരോധിക്കാനാണ്  രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്ക് വാക്സീൻ  വിതരണം ചെയ്യാനുള്ള തീരുമാനം. കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായി നിലവിൽ അഞ്ച് സംസ്ഥാനങ്ങളിൽ വിതരണമുള്ള  വാക്സിനേഷൻ്റെ ഭാഗമാകാനാണ് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്. ന്യൂമോകോക്കൽ ബാക്ടീരിയയ്ക്ക് പ്രതിരോധ കുത്തിവയ്പായാണ് ഈ വാക്സീൻ 2017 മുതൽ നൽകി വരുന്നത്. കോവിഡ് മൂന്നാം തരംഗത്തിൽ കുട്ടികളെ കൂടുതൽ ബാധിച്ചേക്കുമെന്നതിനാൽ, ന്യുമോണിയ ബാധ തടയാനാണ് വിതരണ   അനുമതി നൽകിയത്. യൂനിവേഴ്സൽ ഇമ്യൂണൈസേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സൗജന്യമായി വാക്സീൻ നൽകും.  

രക്തം, ചെവി, സൈനസ് എന്നിവയിലെ അണുബാധ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കും ഈ ബാക്ടീരിയ കാരണമാകുന്നുണ്ട്. ഒന്നര മാസത്തിലും മൂന്നര മാസത്തിലും ഓരോ ഡോസും ഒരു വയസു കഴിഞ്ഞ് ബൂസ്റ്റർ ഡോസും എന്ന ക്രമത്തിലാണ് മറ്റു സംസ്ഥാനങ്ങളിൽ വിതരണം. രാജ്യത്ത് ആയിരത്തിൽ ഏഴു കുഞ്ഞുങ്ങൾ ന്യൂമോണിയ ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്കുകൾ. സംസ്ഥാനത്ത് വാക്സീൻ വിതരണത്തിന് വിശദമായ മാർഗരേഖ പുറത്തിറക്കുകയും, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകുകയും ചെയ്യുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.