ഇന്ത്യൻ രാഷ്ട്രീയത്തിലെ രൗദ്രതയുടെ മുഖം; ടൈം പട്ടികയിൽ മോദിക്കൊപ്പം മമതയും

ഈ വർഷം ലോകത്ത് ഏറ്റവും സ്വാധീനശക്തിയുള്ള 100 വ്യക്തികളുടെ ടൈം മാഗസിൻ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സീറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അദാർ പൂനവാല എന്നിവരും ഇടം നേടി. ‘സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ 3 സുപ്രധാന നേതാക്കളാണുള്ളത് – ജവാഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി, നരേന്ദ്രമോദി. ആദ്യ 2 നേതാക്കൾക്കുശേഷം രാജ്യത്തെ രാഷ്ട്രീയത്തിൽ ഇത്രയേറെ മേധാവിത്വം നേടിയ മറ്റൊരാളില്ല’ ടൈം വാരികയുടെ വ്യക്തിരേഖയിൽ പറയുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലെ രൗദ്രതയുടെ മുഖം എന്നാണു മമത ബാനർജിയെ വിശേഷിപ്പിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ കോവിഡ് വാക്സീൻ ഉൽപാദന സംരംഭത്തെ നയിച്ചതിനാണു പൂനവാലയ്ക്ക് അംഗീകാരം.യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈന പ്രസിഡന്റ് ഷി ചിൻപിങ്, താലിബാൻ നേതാവ് മുല്ല ബറാദർ എന്നിവരും പട്ടികയിലുണ്ട്.