രാഹുലിനെ കാണാൻ കനയ്യ; ഇനി ‘ആസാദി’ കോൺഗ്രസിനൊപ്പമോ?

ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസിലേക്കെന്ന് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളുമായി കനയ്യ ചര്‍ച്ച നടത്തിയെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.അടുത്തുതന്നെ കനയ്യ കുമാര്‍, കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുമെന്നും തുടര്‍ന്നു പാര്‍ട്ടിയുടെ ഭാഗമാകുമെന്നും പാർട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിഹാറില്‍ കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനെതിരെ സിപിഐ ടിക്കറ്റില്‍ മത്സരിച്ച കനയ്യ 4.22 ലക്ഷം വോട്ടിന്റെ വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. ജനുവരിയില്‍ അച്ചടക്ക നടപടി സ്വീകരിച്ചതിനെ തുടര്‍ന്ന് സിപിഐ നേതൃത്വവുമായി കനയ്യയുടെ ബന്ധം വഷളായിരുന്നു. 

കനയ്യ കോണ്‍ഗ്രസിലേക്ക് എത്തുന്നത് യുവാക്കള്‍ക്കിടയില്‍ ഗുണം ചെയ്യുമെന്നാണു ദേശീയ നേതൃത്വത്തിന്റെ പ്രതീക്ഷ. ഉന്നതതലത്തിലാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. കനയ്യകുമാര്‍ ജനതാദള്‍ യുണൈറ്റഡില്‍ ചേരുമെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നു. കോണ്‍ഗ്രസില്‍ ചേരുമെന്ന വാര്‍ത്ത ശരിയല്ലെന്ന് കനയ്യ ഈ മാസം 9ന് പ്രതികരിച്ചു.

പിന്നാലെ, ചില കോണ്‍ഗ്രസ് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹം ശക്തമായത്. രാഹുല്‍ ഗാന്ധിയുമായി കനയ്യ രണ്ടുവട്ടം ചര്‍ച്ചകള്‍ നടത്തിയതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തു. തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോറും കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്നും സൂചനയുണ്ട്. പ്രശാന്ത് കിഷോറിനെ പാര്‍ട്ടിയില്‍ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ചും കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.