യെദ്യൂരപ്പയെ തള്ളി ബിജെപി, ഉപമുഖ്യമന്ത്രിമാരില്ല, പുതിയ മന്ത്രിസഭ അധികാരമേറ്റു

തർക്കപരിഹാരം അസാധ്യമായതോടെ ഉപമുഖ്യമന്ത്രിമാരില്ലാതെ കർണാടകയിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. മുൻ മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയുടെ മകൻ വിജയേന്ദ്രയെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയില്ല. അവഗണിക്കപ്പെട്ടവരിൽ ഏറെയും യെഡിയൂരപ്പ പക്ഷക്കാരാണ്. എംഎൽഎമാർ രാജിഭീഷണി ഉയർത്തിയത് നേതൃത്വത്തിന് വന്‍ സമ്മര്‍ദമായിട്ടുണ്ട്. 

പുതിയ മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ഗവർണർക്ക് കൈമാറിയത് പതിനൊന്നുമണിയോടെ. ഏഴ് പുതുമുഖങ്ങൾ ഉൾപ്പെടെ 29 മന്ത്രിമാർ ഉച്ചയ്ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്തു. സ്ഥാനമോഹികളെ കൊണ്ട് പൊറുതിമുട്ടിയ ഉപമുഖ്യമന്ത്രി പദം ആർക്കും ഇല്ല. B.Y. വിജയേന്ദ്രയെ ഒഴിവാക്കാനായിരുന്നു ഈ നീക്കം. അരഡസനോളം പേരായിരുന്നു ഉപമുഖ്യ മന്ത്രി സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരുന്നത്. ഉപമുഖ്യമന്ത്രി പദവിക്ക് വേണ്ടി ചരടുവലിച്ചവരിൽ വിജയേന്ദ്ര ഒഴികെയുള്ളവരെ കേന്ദ്ര നേതൃത്വം മന്ത്രിമാരായി പരിഗണിച്ചു എന്നതും ശ്രദ്ധേയം. കോൺഗ്രസ്‌-ജെഡിഎസ് വിട്ടുവന്ന 17ൽ 15 പേർക്കും ഇത്തവണ അവസരംകിട്ടി.

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്‌തി പരസ്യമാക്കി നിരവധി എം എൽ എമാർ രംഗത്തുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ കാവേരിക്ക് മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. ഒരു MLA രാജിഭീഷണിയും മുഴക്കിയിട്ടുണ്ട്.