തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും പെഗാസസ്; തുറന്നടിച്ച് മമത

പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ കൂടുതല്‍ പ്രതിരോധത്തിലായി കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുപ്പ് അട്ടിമറിക്കാനും നീതിന്യായ വ്യവസ്ഥയെ പിടിച്ചടക്കാനും കേന്ദ്രം പെഗസസിനെ ഉപയോഗിച്ചെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വിമര്‍ശിച്ചു. പെഗസസിന് പണം മുടക്കിയത് ആരാണെന്ന് അറിയണമെന്ന് സുബ്രമണ്യം സ്വാമി പ്രതികരിച്ചു. അതേസമയം പാര്‍ലമെന്‍റിന്‍റെ ഐടി സമിതി 28 ന് വിഷയം ചര്‍ച്ച ചെയ്യും  കേന്ദ്രസര്‍ക്കാരിനെ വെട്ടിലാക്കി പെഗസസ് ഫോണ്‍ചോര്‍ത്തലിലെ വെളിപ്പെടുത്തല്‍ തുടരുമ്പോള്‍ പ്രതിപക്ഷം നിലപാട് കടുപ്പിക്കുകയാണ്. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തുവന്നു. ഫോണ്‍ ചോര്‍ത്തല്‍ തടയാനായി തന്‍റെ ഫോണ്‍ പൊതിഞ്ഞുവച്ചിരിക്കുകയാണെന്ന് മമത പരിഹസിച്ചു. 

പെഗസസ് വിവാദത്തില്‍ കേന്ദ്രത്തെ തുടര്‍ച്ചയായി വിമര്‍ശിക്കുന്ന സുബ്രമണ്യം സ്വാമി ആരോപണങ്ങളിലെ സത്യാവസ്ഥ അറിയണമെന്ന് ആവര്‍ത്തിച്ചു. ഒന്നും മറയ്ക്കാനില്ലെങ്കില്‍ മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് കത്തെഴുതണം. പ്രോജകടിന് പണം മുടക്കിയത് ആരെന്നറിയണമെന്നും സുബ്രമണ്യം സ്വാമി ട്വീറ്റ് ചെയ്തു. ശശി തരൂര്‍ അധ്യക്ഷനായ പാര്‍ലമെന്‍റിന്‍റെ ഐടി സമിതി 28 ന് വിഷയം ചര്‍ച്ച ചെയ്യും. ഐടി, ആഭ്യന്തര മന്ത്രാലയങ്ങളുടെ വിശദീകരണം കേള്‍ക്കും. വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. നാളെ രാജ്യവ്യാപകമായി രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്. അതേസമയം ആരോപണങ്ങളെ രാഷ്ട്രീയമായി ചെറുക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ബിജെപി നിര്‍ദേശം നല്‍കി.